ആദ്യം കുടുംബ പ്രശ്നം പരിഹരിക്കൂ: ഗണേഷിന് മന്ത്രിസ്ഥാനം ആദ്യടേമില്‍ നഷ്ടമാകാന്‍ കാരണം സഹോദരിയുടെ പരാതി

ആർ ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വിൽപത്രത്തിൽ മകൾ ഉഷ മോഹൻദാസിൻ്റെ പേര് ഒഴിവാക്കി ഗണേഷിൻ്റെ പേര് മാത്രമാണുള്ളതെന്നാണ് ആരോപണം.

Update: 2021-05-18 06:06 GMT
By : Web Desk
Advertising

കെ. ബി ഗണേഷ് കുമാറിന് ആദ്യ ടേമിലെ മന്ത്രിസ്ഥാനം നഷ്ടമായത് ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണെന്ന് സൂചന. സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നത് കൊണ്ട് ഗണേഷിനെ മന്ത്രിയാക്കിയാല്‍ കേസ് സജീവമാകുമെന്ന് സഹോദരി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചു. ആദ്യം കുടുംബപ്രശ്നം പരിഹരിക്കാനും അതിന് ശേഷം മന്ത്രിയാക്കാമെന്നും മുഖ്യമന്ത്രി ഗണേഷിനെ അറിയിച്ചു.

ആർ ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വിൽപത്രത്തിൽ മകൾ ഉഷ മോഹൻദാസിൻ്റെ പേര് ഒഴിവാക്കി ഗണേഷിൻ്റെ പേര് മാത്രമാണുള്ളതെന്നാണ് ആരോപണം. ഗണേഷിനെ മന്ത്രിയായി പരിഗണിച്ചതിനിടയിലാണ് സഹോദരി ഉഷ മുഖ്യമന്ത്രിയെ കണ്ടത്. തൻ്റെ പേര് ഒഴിവാക്കിയതിന് പിന്നിൽ ഗണേഷാണെന്നും മന്ത്രിയാക്കിയാൽ കേസ് കൂടുതൽ സജീവമാകുമെന്നും പറഞ്ഞതായാണ് വിവരം. മാത്രമല്ല ഗണേഷുമായി ബന്ധപ്പെട്ട മറ്റ് ചില വിവരങ്ങളും പുറത്ത് വരുമെന്ന സൂചനയും നൽകി. കാര്യങ്ങൾ പരിശോധിക്കട്ടെയെന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.

തുടർന്ന് മുഖ്യമന്ത്രി ഗണേഷിനെ വിളിപ്പിച്ച് കാര്യങ്ങൾ തിരക്കി. മന്ത്രിസഭയിലേക്ക് ആദ്യ ഘട്ടം പരിഗണിച്ചതാണെന്നും എന്നാൽ ആദ്യം കുടുംബ പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയെന്നുമാണ് സൂചന. എന്നാൽ ഇക്കാര്യത്തോട് ഗണേഷ് കുമാർ പ്രതികരിച്ചിട്ടില്ല

Tags:    

By - Web Desk

contributor

Similar News