കൂട്ടബലാത്സംഗക്കേസ് വാദത്തിനിടെ അഭിഭാഷകരുടെ വാക്കുതർക്കം; ബഹളംവെക്കാൻ ഇത് ചന്തയല്ലെന്ന് മജിസ്‌ട്രേറ്റ്
കേസിലെ പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
എറണാകുളം: കൊച്ചിയിൽ മോഡലായ യുവതി കൂട്ട ബലാത്സംഗത്തിനിരയായ കേസ് വാദിക്കുന്നതിനിടെ അഭിഭാഷകർ തമ്മിൽ വാക്കുതർക്കം. അഡ്വ. ആളൂരും അഡ്വ. അഫ്‌സലും തമ്മിലാണ് കോടതിമുറിയിൽ വാക്കേറ്റമുണ്ടായത്. ബഹളം വെക്കാൻ ഇത് ചന്തയല്ലെന്നായിരുന്നു മജിസ്‌ട്രേറ്റിന്റെ പ്രതികരണം. അഡ്വ. അഫ്‌സലിനോട് ഇറങ്ങിപ്പോകാൻ ആളൂർ ആവശ്യപ്പെടുകയായിരുന്നു. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലെ വാദത്തിനിടെയായിരുന്നു തർക്കം.
അതേസമയം കേസിലെ പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികൾ നടത്തിയത് ആസൂത്രിതവും മൃഗീയവുമായ കുറ്റകൃത്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് സമർപ്പിച്ചത്. എട്ട് സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കേസിലെ മൂന്ന് പ്രതികളുടെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പീഡനത്തിന് ഒത്താശ ചെയ്ത പ്രതി സിംപിളിന്റെ ഫോൺ കണ്ടെത്താനായില്ല.
കേസിൽ കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി ഇരയുടെ സുഹൃത്ത് ഡിംപൾ ലംബ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. പ്രതികൾ കൃത്യമായി ആസൂത്രണം ചെയ്ത് കുറ്റകൃത്യം ചെയ്‌തെന്നാണ് പൊലീസിന്റെയും കണ്ടെത്തൽ. ഇതിന്റെ കൂടുതൽ തെളിവ് ശേഖരണത്തിനായാണ് പ്രതികളെ കസ്റ്റഡിയിൽ ചോദിക്കുന്നത്. പ്രതികൾ സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ബലാത്സംഗം, ഗൂഢാലോചന, കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ പൊലീസ് ചുമത്തിയിരിക്കുന്നത്. സഞ്ചരിക്കുന്ന കാറിൽ വെച്ച് മൂന്നു യുവാക്കൾ 19കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. മയക്കു മരുന്ന് നൽകിയെന്ന യുവതിയുടെ പരാതിയടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണത്തിനായാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്. ഹോട്ടലിൽ വച്ച് തനിക്ക് മയക്കുമരുന്ന് നൽകിയതായി സംശയമുണ്ടെന്ന് യുവതി പറഞ്ഞിരുന്നു. അവശ നിലയിലായ 19കാരിയെ താൻ പരിചയപ്പെടുത്തിയ സുഹൃത്തുക്കളുടെ വാഹനത്തിൽ കയറ്റിയത് രാജസ്ഥാൻ സ്വദേശി ഡോളിയാണ്. പീഡനത്തിന് ഡോളി സഹായം ചെയ്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.