പെൺകുട്ടികൾക്ക് ചലനസ്വാതന്ത്ര്യം ഉണ്ടാക്കുന്നതാണ് ലിംഗസമത്വ യൂനിഫോം; സംഘികൾക്കും താലിബാനികൾക്കും അത് മനസ്സിലാവില്ല-കെ.ടി കുഞ്ഞിക്കണ്ണൻ
''പുരുഷാധികാരം വർഷങ്ങളായി സ്ത്രീക്ക് നിശ്ചയിച്ചുനൽകിയ വസ്ത്രരീതികളിൽനിന്നുള്ള മോചനമാണ് നമ്മുടെ പെൺകുട്ടികൾ ആഗ്രഹിക്കുന്നത്. അത് മുനീറിനെപ്പോലുള്ള ആളുകൾക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല.''
പെൺകുട്ടികൾക്ക് ചലനസ്വാതന്ത്ര്യം ഉണ്ടാക്കുന്നതാണ് ലിംഗസമത്വ യൂനിഫോമെന്ന് സി.പി.എം നേതാവ് കെ.ടി കുഞ്ഞിക്കണ്ണൻ. എം.കെ മുനീർ എം.എസ്.എഫ് സമ്മേളനത്തിൽ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുരുഷാധികാരം സ്ത്രീക്ക് നിശ്ചയിച്ചുനൽകിയ വസ്ത്രരീതികളിൽനിന്നുള്ള മോചനമാണ് പെൺകുട്ടികൾ ആഗ്രഹിക്കുന്നത്. വസിഷ്ഠസൂത്രത്തെയും പഷ്തൂൺ ഗോത്രനിയമങ്ങളെയും മതമായി കൊണ്ടാടുന്ന സംഘികൾക്കും താലിബാനികൾക്കൊന്നും അത് മനസ്സിലാക്കാനാവില്ലെന്നും കുഞ്ഞിക്കണ്ണൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
മതം മാർക്സിസത്തിനെതിരാണെന്നും മാർക്സിസ്റ്റുകൾ ലൈംഗിക അരാജകത്വം പടർത്തുന്നവരാണെന്നും അതിന്റെ ഭാഗമാണ് യൂനിഫോം ന്യൂട്രാലിറ്റി എന്നൊക്കെ വായിൽതോന്നിയത് വിളിച്ചുപറയുന്ന മുനീറുമാർ ഏത് കാലത്താണ് ജീവിക്കുന്നത്? അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് വിരോധം ഇക്കാലത്ത് അങ്ങനെയങ്ങ് ചെലവാകുമെന്ന് കരുതേണ്ട. പെൺകുട്ടികളുടെ ചലനസ്വാതന്ത്ര്യവും അവരിൽ സമത്വബോധവും ആത്മവിശ്വാസവുമുണ്ടാക്കുന്ന നടപടികളുടെ ഭാഗമാണ് ലിംഗസമത്വ യൂനിഫോമെന്ന് മുനീറിന് മനസ്സിലാക്കാനാവാത്തത് അയാൾക്കുള്ളിൽ മൂത്തുനരച്ച യാഥാസ്ഥിതികത കൊണ്ടാണെന്ന് കുഞ്ഞിക്കണ്ണൻ കുറിച്ചു.
പുരുഷാധികാരം വർഷങ്ങളായി സ്ത്രീക്ക് നിശ്ചയിച്ചുനൽകിയ വസ്ത്രരീതികളിൽനിന്നുള്ള മോചനമാണ് നമ്മുടെ പെൺകുട്ടികൾ ആഗ്രഹിക്കുന്നത്. അത് മുനീറിനെപ്പോലുള്ള ആളുകൾക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. വസിഷ്ഠസൂത്രത്തെയും പഷ്തൂൺ ഗോത്രനിയമങ്ങളെയും മതമായി കൊണ്ടാടുന്ന സംഘികൾക്കും താലിബാനികൾക്കൊന്നും അത് മനസ്സിലാക്കാനാവില്ല. മുനീർ സംഘി പരിപാടികളുടെയും സ്ഥിരം സാന്നിധ്യമാണല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.ടി കുഞ്ഞിക്കണ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇന്നലെ കോഴിക്കോട്ട് നടന്ന എം.എസ്.എഫ് സമ്മേളനത്തിൽ ഡോ. എം.കെ മുനീർ നടത്തിയ പ്രസംഗം ജെൻഡർ ന്യൂട്രാലിറ്റിക്കെതിരായ അശ്ലീലകരമായ അസഹിഷ്ണുതയുടെ പൊട്ടിയൊലിക്കലായിരുന്നു. കമ്മ്യൂണിസ്റ്റ്വിരോധവും സ്ത്രീ പുരുഷ തുല്യതയെ അംഗീകരിക്കാനാവാത്ത പുരുഷാധികാരത്തിന്റെ കുരുട്ടുബുദ്ധിയുമായിരുന്നു പ്രസംഗത്തിലുടനീളം കലങ്ങിമറിഞ്ഞത്. പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാൽ എന്താണെന്ന് ചോദിക്കുന്ന കുരുട്ടുയുക്തി വിളമ്പി എം.എസ്.എഫ് കുട്ടികളെക്കൊണ്ട് കൈയടിപ്പിക്കുന്ന കോമാളിത്തം മറുപടി അർഹിക്കുന്നതല്ല.
എന്തായാലും ഈ ഡോക്ടർക്ക് ലിംഗസമത്വ യൂനിഫോം എന്താണെന്നോ സ്ത്രീപുരുഷ സമത്വമെന്താണെന്നോ ഒന്നും മനസ്സിലായിട്ടില്ലെന്ന് പ്രസംഗം കേട്ടവർക്കെല്ലം മനസ്സിലായി. പുരുഷാധികാരം വർഷങ്ങളായി സ്ത്രീക്ക് നിശ്ചയിച്ചുനൽകിയ വസ്ത്രരീതികളിൽനിന്നുള്ള മോചനമാണ് നമ്മുടെ പെൺകുട്ടികൾ ആഗ്രഹിക്കുന്നത്. അത് മുനീറിനെപ്പോലുള്ള ആളുകൾക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. വസിഷ്ഠസൂത്രത്തെയും പഷ്തൂൺ ഗോത്രനിയമങ്ങളെയും മതമായി കൊണ്ടാടുന്ന സംഘികൾക്കും താലിബാനികൾക്കൊന്നും അത് മനസ്സിലാക്കാനാവില്ലല്ലോ. മുനീർ സാഹിബ് സംഘി പരിപാടികളുടെയും സ്ഥിരം സാന്നിധ്യവുമാണല്ലോ.
മതത്തെയും ലിംഗസമത്വത്തെയും വിപരീതദർശനങ്ങളായി അവതരിപ്പിച്ച് മതംകൊണ്ട് രാഷ്ട്രീയം കളിക്കുന്ന മുനീറിനെപ്പോലുള്ളവർ നമ്മുടെ പുതിയ തലമുറ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ഒരിക്കലും മനസ്സിലാക്കാൻ കഴിയാത്തവരാണ്. ഒരേസമയം ലിംഗസമത്വത്തെ എതിർക്കുകയും ജെൻഡർ ന്യൂട്രൽ യൂനിഫോമിനെക്കുറിച്ച് തലതിരിഞ്ഞ സിദ്ധാന്തങ്ങൾ തട്ടിവിട്ട് ആൾക്കൂട്ട ആരവം ഉണ്ടാക്കാനാണല്ലോ മുനീർ എം.എസ്.എഫ് വേദിയിൽ കോമാളി പ്രസംഗം നടത്തിയത്.
അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് വിരോധം ഇക്കാലത്ത് അങ്ങനെയങ്ങ് ചെലവാകുമെന്ന് കരുതേണ്ട. മതം മാർക്സിസത്തിനെതിരാണെന്നും മാർക്സിസ്റ്റുകൾ ലൈംഗിക അരാജകത്വം പടർത്തുന്നവരാണെന്നും അതിന്റെ ഭാഗമാണ് യൂനിഫോം ന്യൂട്രാലിറ്റി എന്നൊക്കെ വായിൽതോന്നിയത് വിളിച്ചുപറയുന്ന മുനീറുമാർ ഏത് കാലത്താണ് ജീവിക്കുന്നത്? പെൺകുട്ടികളുടെ ചലനസ്വാതന്ത്ര്യവും അവരിൽ സമത്വബോധവും ആത്മവിശ്വാസവുമുണ്ടാക്കുന്ന നടപടികളുടെ ഭാഗമാണ് ലിംഗസമത്വ യൂനിഫോമെന്ന് മുനീറിന് മനസ്സിലാക്കാനാവാത്തത് അയാൾക്കുള്ളിൽ മൂത്തുനരച്ച് അത്തുംപൊത്തുമില്ലാതെ വളരുന്ന യാഥാസ്ഥിതികത ഒന്നുകൊണ്ടുകൂടിയാണ്.
Summary: Gender-neutral uniform provides freedom of movement for girls; Sanghis and Taliban cannot understand it, says CPM leader KT Kunhikannan