കോഴിക്കോട് ബീച്ചിലെ രണ്ടു തട്ടുകടകളില്‍ സൂക്ഷിച്ചിരുന്നത് ഗ്ലേഷ്യൽ അസറ്റിക് ആസിഡാണെന്ന് കണ്ടെത്തൽ
ഉപ്പിലിട്ട വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് വിനാഗിരി ലായനിയിൽ തന്നെയാണെന്നും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധനയിൽ കണ്ടെത്തി
Update: 2022-02-17 06:22 GMT
കോഴിക്കോട് വരക്കല്‍ ബീച്ചിലെ രണ്ട് തട്ടുകടകളില്‍ കന്നാസുകളിൽ സൂക്ഷിച്ചിരുന്നത് ഗ്ലേഷ്യൽ അസറ്റിക് ആസിഡാണെന്ന് കണ്ടെത്തൽ. ഉപ്പിലിട്ട വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് വിനാഗിരി ലായനിയിൽ തന്നെയാണെന്നും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധനയിൽ കണ്ടെത്തി. നിരോധിച്ച രാസ വസ്തുക്കളുടെയോ മിനറൽ ആസിഡുകളുടേയോ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണറുടെ പ്രത്യേക നിർദേശങ്ങൾ
- തട്ടുകടകളിൽ പഴങ്ങൾ ഉപ്പിലു സുർക്കയിലും ഇടുന്നത്തിനു ഉപ്പു ലായിനിയും വിനാഗിരിയും മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളു.
- ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം മാർക്കറ്റുകളിൽ ലഭിക്കുന്ന നിശ്ചിത ഗുണനിലവാരം ഉള്ള സിന്തറ്റിക് വിനഗര്‍ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.
- തട്ടുകടകളിൽ ഒരു കാരണവശാലും ഗ്ലേഷ്യൽ അസറ്റിക് ആസിഡ് സൂക്ഷിക്കുവാനോ ഭക്ഷ്യ വസ്തുക്കളിൽ നേരിട്ട് ചേർക്കുവാനോ പാടുള്ളതല്ല.
- ഒരാഴ്ചക്കുള്ളിൽ ബീച്ചിലെ മുഴുവൻ തട്ടുകടക്കാർക്കും ഭക്ഷ്യ സുരക്ഷാ പരിശീലനം നൽകും.
- തട്ടുകടകളിൽ ഭക്ഷ്യ അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് അതാതു കച്ചവടക്കാരന്‍റെയും ഉത്തരവാദിത്തമാണ്.
- കൃത്യമായ ലേബൽ വിവരങ്ങളോടുകൂടിയ ഭക്ഷ്യ അസംസ്‌കൃത വസ്തുക്കൾ മാത്രമേ ഉപയോഗിക്കുവാനോ വിൽക്കുവാനോ പാടുള്ളു.
- ഭക്ഷ്യ വസ്തുക്കളുടെയും ഭക്ഷ്യ അസംസ്‌കൃത വസ്തുക്കളുടെയും ബില്ലുകൾ കൃത്യമായി പരിപാലിക്കേണ്ടതും പരിശോധന സമയത്തു ഹാജരാക്കേണ്ടതുമാണ്.
- ഭക്ഷ്യ സുരക്ഷാ ലൈസൻസോ രജിസ്റ്ററേഷനോ ഇല്ലാതെ കടകൾ പ്രവർത്തിപ്പിക്കുവാൻ അനുവദിക്കില്ല.
- പരാതികൾ രേഖപ്പെടുത്താൻ ഭക്ഷ്യ സുരക്ഷാ ടോൾ ഫ്രീ നമ്പറായ 18004251125ല്‍ അറിയിക്കേണ്ടതാണ്.