ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന കവർച്ച; 300 ഗ്രാം സ്വർണവും 1.80 ലക്ഷം രൂപയും കവർന്നു
ഏകദേശം രണ്ടുമണിക്കൂറോളമാണ് സംഘം വീട്ടിനുള്ളിൽ പരിശോധന നടത്തിയത്. ഇതിനിടെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കൈക്കലാക്കി. സഞ്ജയുടെ ആധാർ കാർഡ്, പാൻ കാർഡ് അടക്കമുള്ള രേഖകളും ഇവർ വാങ്ങിയിരുന്നു.
കൊച്ചി: ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്ഡിനെത്തി 300 ഗ്രാം സ്വർണവും 1.80 ലക്ഷം രൂപയും കവർന്നു. ആലുവ ബാങ്ക് ജങ്ഷന് സമീപം താമസിക്കുന്ന സ്വർണപ്പണിക്കാരനായ മഹാരാഷ്ട്ര സ്വദേശി സഞ്ജയുടെ വീട്ടിലാണ് കവർച്ച നടന്നത്. ഇയാളുടെ വീട്ടിലെത്തിയ നാലംഗസംഘം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടിൽ പരിശോധന നടത്തി സ്വർണവും പണവും തട്ടിയെടുക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് നാലുപേർ സഞ്ജയുടെ വീട്ടിലെത്തിയത്. റെയ്ഡിന് വന്നതാണെന്ന് അറിയിച്ചപ്പോൾ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു. അപ്പോൾ ഫോണിൽ ചില രേഖകൾ കാണിച്ചു. തുടർന്നാണ് വീട്ടിൽ കയറി പരിശോധന ആരംഭിച്ചത്. ഈ സമയം വീട്ടുകാരുടെ മൊബൈൽഫോണുകൾ ഇവർ വാങ്ങിവെച്ചു. സഞ്ജയോടും ഭാര്യയോടും റെയ്ഡിന് സഹകരിക്കണമെന്നും അഭ്യർഥിച്ചു.
ഏകദേശം രണ്ടുമണിക്കൂറോളമാണ് സംഘം വീട്ടിനുള്ളിൽ പരിശോധന നടത്തിയത്. ഇതിനിടെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കൈക്കലാക്കി. സഞ്ജയുടെ ആധാർ കാർഡ്, പാൻ കാർഡ് അടക്കമുള്ള രേഖകളും ഇവർ വാങ്ങിയിരുന്നു. ആദായനികുതി വകുപ്പ് ഓഫീസിലെത്തി കണക്ക് ബോധിപ്പിച്ചാൽ പിടിച്ചെടുത്തവയെല്ലാം വിട്ടുനൽകാമെന്നും പറഞ്ഞു. തുടർന്ന് വീട്ടിൽനിന്ന് പോകാനിറങ്ങുന്നതിനിടെ സിസിടിവി ക്യാമറയുടെ ഡി.വി.ആറും ഇവർ ചോദിച്ചുവാങ്ങി. ഇതാണ് ഗൃഹനാഥനിൽ സംശയമുണർത്തിയത്. നാലംഗസംഘം വീട്ടിൽനിന്ന് മടങ്ങിയതിന് പിന്നാലെ സഞ്ജയ് ആലുവ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയതോടെയാണ് വന്നത് തട്ടിപ്പുകാരാണെന്നും കവർച്ചയ്ക്കിരയായെന്നും ബോധ്യമായത്.
ഡിവിആർ കവർച്ചക്കാർ കൈക്കലാക്കിയെങ്കിലും മൊബൈലിൽനിന്ന് ചില സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സഞ്ജയ് പൊലീസിന് കൈമാറി. സംഭവത്തിൽ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.