അര്‍ജുന്‍ ആയങ്കി കസ്റ്റംസ് കസ്റ്റഡിയില്‍; അറസ്റ്റ് ഉടനുണ്ടാകും

കേസില്‍ അര്‍ജുന് നേരിട്ട് ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. സ്വർണം കൊണ്ടുവന്ന ഷെഫീഖിന്‍റെ ഫോണിൽ നിന്നും ഇതിന്‍റെ തെളിവുകൾ ലഭിച്ചു

Update: 2021-06-28 07:58 GMT
Editor : Jaisy Thomas | By : Web Desk
Advertising

രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ കണ്ണിയായ അർജുൻ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ഉടനുണ്ടാകും. കേസില്‍ അര്‍ജുന് നേരിട്ട് ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. സ്വർണം കൊണ്ടുവന്ന ഷെഫീഖിന്‍റെ ഫോണിൽ നിന്നും ഇതിന്‍റെ തെളിവുകൾ ലഭിച്ചു. അർജുനെയും ഷഫീഖിനെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയിൽ അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ഷെഫീഖിനെ അഞ്ച് ദിവസം കസ്റ്റംസിന്‍റെ കസ്റ്റഡിയില്‍ വിട്ടു.

കണ്ണൂര്‍ അഴീക്കോട് സ്വദേശി അര്‍ജുന്‍ ആയങ്കിക്ക് സ്വര്‍ണക്കടത്തില്‍ മുഖ്യ പങ്കുണ്ടെന്നാണ് കസ്റ്റംസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. സ്വര്‍ണവുമായി വിമാനത്താവളത്തില്‍ നിന്നും പിടികൂടിയ മുഹമ്മദ് ഷെഫീഖ് കാരിയർ മാത്രമാണ്. 40,000രൂപയും വിമാനടിക്കറ്റും ആയിരുന്നു ഷെഫീഖിന് വാഗ്ദാനം നല്‍കിയത്. സ്വർണവുമായി വരുമ്പോൾ താൻ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുമെന്ന് അർജുൻ ഷെഫീഖിനെ അറിയിച്ചിരുന്നു. വിമാനത്താവളത്തിൽ എത്തിയ ഉടനെ ഷർട്ട് മാറ്റി വരാനും ആവശ്യപ്പെട്ടുവെന്നും ഷെഫീഖ് മൊഴി നല്‍കിയതായി കസ്റ്റംസ് പറയുന്നു.

ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞു മലയിലെ ഒരു കഷണം മാത്രമാണെന്നും കൂടുതല്‍ പേര് ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സലിം എന്നയാള്‍ വഴിയാണ് മുഹമ്മദിനെ പരിചയപ്പെട്ടതെന്നും അതുവഴി അര്‍ജ്ജുനിലേക്കെത്തിയെന്നുമാണ് ഷെഫീഖിന്‍റെ മൊഴി.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News