ഗൂഗിള്‍ മാപ്പ് ചതിച്ചു, കോട്ടയത്ത് കാർ തോട്ടിൽ വീണു; പിഞ്ചുകുഞ്ഞടക്കം നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

Update: 2022-08-05 07:59 GMT
Editor : Lissy P | By : Web Desk
Advertising

കോട്ടയം: കനത്ത മഴയിൽ വഴി തെറ്റിയ കാർ തോട്ടിലേക്ക് മറിഞ്ഞു. പാറേച്ചാലിൽ കാർ തോട്ടിൽ വീണു. കുമ്പനാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നാല് മാസം പ്രായമുള്ള കൈക്കുഞ്ഞടക്കം നാല് പേരെ നാട്ടുകാർ രക്ഷിച്ചു. എറണാകുളത്തുനിന്നും തിരുവല്ലയിലേക്കുള്ള യാത്രയിലായിരുന്നു അപകടത്തിൽപ്പെട്ട നാലാംഗ കുടുംബം.

ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ഗൂഗിൾ മാപ്പ് നോക്കി എളുപ്പവഴിയിൽ വാഹനമോടിച്ച ഇവർക്ക് പാറച്ചാലിൽ എത്തിയപ്പോൾ വഴിതെറ്റി. പാലം കയറി സിമൻറ് കവലയിലേക്ക് പോകണ്ട വാഹനം നേരെ പുത്തൻതോട് ഭാഗത്തേക്ക് . വഴിയിൽ വെള്ളം കയറി കിടന്നതിനാൽ തോട് തിരിച്ചറിയാൻ സാധിച്ചില്ല. ബോട്ട് ജെട്ടിക്ക് സമീപത്ത് എത്തിയതോടെ കാർ തോട്ടിലേക്ക് മറിഞ്ഞു.

കാർ തോട്ടിലേക്ക് പതിക്കുന്ന കണ്ട് ആളുകൾ അലറിവിളിച്ചപ്പോഴാണ് പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിറങ്ങിയത്.  കാർ പൂർണമായും വെള്ളത്തിൽ മുങ്ങാത്തതും ഡോർ പെട്ടന്ന് തുറക്കാൻ സാധിച്ചതും രക്ഷപ്രവർത്തനം എളുപ്പമാക്കിയെന്നും ഇവർ പറയുന്നു. പുത്തൻതോട്ടിലേക്ക് മറിഞ്ഞ കാറ് കൈവഴിയിലേക്ക് ഒഴുക്കിൽപ്പെട്ട് നീങ്ങിയത് കൊണ്ടാണ് രക്ഷാപ്രവർത്തനം വേഗത്തിൽ നടത്താൻ സാധിച്ചത്.

തിരുവല്ല സ്വദേശിനിയായ ഡോക്ടറും അവരുടെ മകളും അമ്മയും സഹോദരനുമാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News