പൊലീസിന്‍റെ 'കാവല്‍' എവിടെ...?; തലസ്ഥാനത്ത് പിടികിട്ടാപ്പുള്ളിയുടെ നേതൃത്വത്തിൽ വീണ്ടും ഗുണ്ടാ വിളയാട്ടം
ള്ളിപ്പുറം സ്വദേശി ഷാനു എന്നു വിളിക്കുന്ന ഷാനവാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അതിക്രമം നടത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു.
തിരുവനന്തപുരം പള്ളിപ്പുറത്ത് പിടികിട്ടാപ്പുള്ളിയുടെ നേതൃത്വത്തിൽ ഗുണ്ടാ വിളയാട്ടം. നാലു പേരടങ്ങുന്ന സംഘം നിരവധി വീടുകളിൽ കയറി ഭീഷണി മുഴക്കി. പള്ളിപ്പുറം സ്വദേശി ഷാനു എന്നു വിളിക്കുന്ന ഷാനവാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അതിക്രമം നടത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു.
മംഗലപുരം സ്വർണ കവർച്ച കേസിലെ പ്രതിയാണ് ഷാനു. സ്വർണവ്യാപാരിയുടെ കാർ തടഞ്ഞ് മുളക് പൊടി എറിഞ്ഞതിന് ശേഷം വെട്ടിപ്പരിക്കേൽപിച്ച് നൂറ് പവനോളം കവരുകയായിരുന്നു. മംഗലപുരം ദേശീയപാതയിൽ പള്ളിപ്പുറത്ത് ടെക്നോ സിറ്റിക്ക് സമീപം കഴിഞ്ഞ വര്‍ഷം ഏപ്രിൽ ഒമ്പതിനായിരുന്നു സംഭവം. ഈ കേസില്‍ പൊലീസ് അന്വേഷിച്ച് നടക്കുന്നതിനിടെയാണ് ഷാനുവും സംഘവും വീണ്ടും ആക്രമണം നടത്തിയത്. മൊബൈൽ കടയിൽ കയറി തൊഴിലാളിയെ കുത്തിയ കേസിലും ഷാനുവിനെ പൊലീസ് തിരയുന്നുണ്ട്.
സംസ്ഥാനത്തെ ഗുണ്ടാ വിളയാട്ടം തടയുന്നതിന് പൊലീസ് വകുപ്പിനു കീഴിൽ ഓപ്പറേഷൻ കാവൽ എന്ന പേരിൽ ആരംഭിച്ച പദ്ധതി ഫലവത്താകുന്നില്ല എന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് വീണ്ടും തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം നടക്കുന്നത്.