'ആള് മാറി വെട്ട്, പിന്നാലെ തേടിയിറങ്ങിയ ആള്‍ക്കും വെട്ട്'; എറണാകുളത്ത് വീടുകയറി ഗുണ്ടാസംഘത്തിന്‍റെ ആക്രമണം
ഷാനവാസിനെ തേടി എത്തിയ സംഘം ആള് മാറിയാണ് വീടിന് പുറത്ത് റോഡിൽ നിൽക്കുകയായിരുന്ന നവാസിനെ ആക്രമിച്ചത്
എറണാകുളം വടക്കൻ പറവൂരിൽ വീട് കയറി ഗുണ്ടാ സംഘത്തിന്‍റെ ആക്രമണം. ആക്രമണത്തിൽ വെട്ടേറ്റ സഹോദരങ്ങളിൽ ഒരാളുടെ നില ഗുരുതരമാണ്. ആലുവ റൂറൽ എസ്.പി കെ കാർത്തികിന്‍റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി 10.30 ഓടെ 2 ബൈക്കുകളിലായി എത്തിയ 6 അംഗ സംഘം വീടിന്‍റെ വാതിൽ തകർത്ത് അകത്ത് കയറിയാണ് ആക്രമണം നടത്തിയത്. മാഞ്ഞാലി എരമംഗലത്ത് കുഞ്ഞുമൊയ്തീന്‍റെ മക്കളായ ഷാനവാസ്, നവാസ് എന്നിവർക്കാണ് വെട്ടേറ്റത്. തലക്കും, കഴുത്തിനും വെട്ടേറ്റ ഷാനവാസിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവാസും പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഷാനവാസിനെ തേടി എത്തിയ സംഘം ആള് മാറിയാണ് വീടിന് പുറത്ത് റോഡിൽ നിൽക്കുകയായിരുന്ന നവാസിനെ ആക്രമിച്ചത്. ആൾ മാറിയെന്നറിഞ്ഞ സംഘം വാതിൽ തകർത്ത് അകത്ത് കയറി ഷാനവാസിനെ ഹാളിലും, അടുക്കളയിലുമിട്ട് വെട്ടുകയായിരുന്നു. വീട്ടിലെ ഗൃഹോപകരണങ്ങളും, ജനലുകളുമെല്ലാം തകർത്ത ശേഷമാണ് സംഘം മടങ്ങിയത്. ആലുവ റൂറൽ എസ്.പി കെ കാർത്തികിന്‍റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ ആലങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.
ഗൾഫിൽ ജോലി ചെയ്യുന്ന ഷാനവാസ് അവധി കഴിഞ്ഞു നാളെ മടങ്ങാൻ ഇരിക്കെയാണ് സംഭവം. കഴിഞ്ഞ ദിവസം മന്നത്തെ ഹോട്ടലിൽ വെച്ച് ഗുണ്ടാ സംഘത്തിൽപ്പെട്ടവരും ഹോട്ടലുടമയും തമ്മിലുണ്ടായ വാക്കേറ്റത്തിൽ ഹോട്ടലുടമയുടെ ഭാഗത്ത് നിന്ന് പ്രതികൾക്കെതിരെ സംസാരിച്ചതിന്‍റെ വൈരാഗ്യമായിരിക്കാം ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.