ഗവർണർക്കെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ

മന്ത്രിസഭയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കേണ്ട ഗവർണറുടെ അധികാരപരിധികൾ സംബന്ധിച്ച ഭരണഘടനചോദ്യങ്ങളിൽ വ്യക്തത വരുത്തുക കൂടിയാണ് ലക്ഷ്യം

Update: 2022-11-06 01:30 GMT
Editor : Dibin Gopan | By : Web Desk
Advertising

തിരുവനന്തപുരം: ഗവർണർക്കെതിരെ സംസ്ഥാനസർക്കാർ ഒരുങ്ങുന്നത് സമാനതകളില്ലാത്ത നിയമപോരാട്ടത്തിന്. ബില്ലുകളിൽ ഒപ്പിടാതെ അനിശ്ചിതമായി പിടിച്ച് വെക്കുന്ന ഗവർണറുടെ നടപടിയെ ചോദ്യം ചെയ്തായിരിക്കും കോടതിയെ സമീപിക്കുകയെങ്കിലും സർക്കാർ ഉത്തരം തേടുന്നത് അതിന് മാത്രമല്ല. മന്ത്രിസഭയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കേണ്ട ഗവർണറുടെ അധികാരപരിധികൾ സംബന്ധിച്ച ഭരണഘടനചോദ്യങ്ങളിൽ വ്യക്തത വരുത്തുക കൂടിയാണ് ലക്ഷ്യം.

ഭരണഘടനയുടെ 200ാം അനുഛേദത്തിലാണ് ബില്ലുകളിൽ ഗവർണർമാർ ഒപ്പിടുന്ന കാര്യങ്ങൾ പ്രതിപാദിക്കുന്നത്. നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ, ഒന്നുകിൽ അത് രാഷ്ട്രപതിക്ക് അയക്കണം ഇല്ലെങ്കിൽ വ്യക്തത ആവശ്യപ്പെട്ട് നിയമസഭയ്ക്ക് തിരിച്ചയക്കണം. വ്യക്തത ആവശ്യപ്പെട്ട് തിരിച്ചയക്കുന്ന ബിൽ നിയമസഭ വീണ്ടും പാസ്സാക്കി അയച്ചാൽ അതിൽ ഒപ്പിടാൻ ഗവർണർ നിർബന്ധിതനാണ്. എന്നാൽ, ഇത് സംബന്ധിച്ച ഭരണഘടന മൗനം പാലിക്കുന്ന ഒരു കാര്യത്തിൽ ഊന്നിയാണ് ഗവർണറുടെ ഇപ്പോഴത്തെ ഇടപെടലുകൾ.നിയമസഭ പാസ്സാക്കുന്ന ബില്ലുകളിൽ എത്ര സമയപരിധിക്കുള്ളിൽ ഒപ്പിടണമെന്ന് ഭരണഘടനയിൽ പറയുന്നില്ല.

സംസ്ഥാനസർക്കാർ ഉത്തരം തേടാൻ ശ്രമിക്കുന്നതും ഇതിനായിരിക്കും. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കേണ്ട ആളാണ് ഗവർണർ എന്ന് ഭരണഘടനയിൽ വിശദീകരിക്കുന്നതിനൊപ്പം ഇത് സംബന്ധിച്ച നിരവധി സുപ്രീം കോടതി വിധികളുമുണ്ട്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ പാസാക്കി അയക്കുന്ന ബില്ലിൽ ഒപ്പിടാതെ അനിശ്ചിതമായ പിടിച്ച് വയ്ക്കാൻ ഗവർണർക്ക് അധികാരമുണ്ടോ?. ഇതിൽ കോടതി വ്യക്തതവരുത്തണമെന്നതായിരിക്കും സർക്കാർ ഉയർത്തുന്ന ആവശ്യം.

മാത്രമല്ല ധനമന്ത്രിയുടെ പ്രീതി പിൻവലിച്ച ഗവർണറുടെ നടപടിയും കോടതിയിൽ ഉയർന്ന് വന്നേക്കാം. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഗവർണർ മന്ത്രിമാരെ നിയമിക്കേണ്ടതും പിൻവലിക്കേണ്ടതും. മുഖ്യമന്ത്രിയുടെയും നിയമസഭയുടേയും പ്രീതി ഒരു മന്ത്രിക്ക് ഉള്ളപ്പോൾ ഗവർണറുടെ വ്യക്തിപരമായ പ്രീതിക്ക് എത്രത്തോളം പ്രാധാനമുണ്ട്. ഇതിനുള്ള ഉത്തരവും സർക്കാർ തേടിയേക്കും. എങ്ങനെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളേയും ബാധിക്കുന്ന ഇതുവരെ സുപ്രീംകോടതിയിൽ പോലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലാത്ത ഗവർണർമാരുടെ അധികാര വരമ്പുകൾ സംബന്ധിച്ച നിർണ്ണായക ഉത്തരങ്ങളാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. സർക്കാർ കോടതിയെ സമീപിച്ചാൽ ഭരണഘടനബഞ്ചിലേക്ക് പോലും കേസ് എത്തിപ്പെട്ടേക്കും.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News