ഗവർണറുടെ അസാധാരണ നീക്കങ്ങളിൽ സിപിഎമ്മിന് കടുത്ത അമർഷം

ഗവർണർ നടപ്പാക്കിയത് വിലപേശൽ രാഷ്ട്രീയമെന്ന് വിലയിരുത്തല്‍

Update: 2022-02-18 00:49 GMT
Advertising
സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ഗവർണറുടെ അസാധാരണ നീക്കങ്ങളിൽ സിപിഎമ്മിന് കടുത്ത അമർഷം. എന്നാല്‍ ഗവർണറെ തത്കാലം പ്രകോപ്പിക്കാതെ നയപ്രഖ്യാപന പ്രസംഗം കഴിയും വരെ കാത്തിരിക്കാനാണ് സി പി എം തീരുമാനം. നയപ്രഖ്യാപനമെന്ന ഭരണഘടനാ ബാധ്യത മുൻനിർത്തി ഗവർണർ നടപ്പാക്കിയത് വിലപേശൽ രാഷ്ട്രീയമാണെന്നും സി പി എം കരുതുന്നു. നയപ്രഖ്യാപനത്തിൻ്റെ നന്ദിപ്രമേയ ചർച്ച ഗവർണർക്കു മറുപടി പറയാനുള്ള അവസരമാക്കി മാറ്റാനും ആലോചനയുണ്ട്.


സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എകെജി സെൻ്ററിൽ പുരോഗമിക്കുമ്പോഴായിരിന്നു സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് ഗവര്‍ണ്ണര്‍ സര്‍ക്കാരിനെ തള്ളിവിട്ടത്. ഗവർണറുടെ നടപടികൾ രാഷ്ട്രീയപ്രേരിതമെന്ന വിലയിരുത്തൽ സെക്രട്ടേറിയറ്റിൽ ഉണ്ടായി. എന്നാൽ സഭാ സമ്മേളനം ആരംഭിക്കാനിരിക്കെ ഗവർണറെ കൂടുതൽ പ്രകോപിപ്പിക്കുന്നത് ബുദ്ധിയില്ലെന്ന അഭിപ്രായം സെക്രട്ടേറിയറ്റിൽ ഉയര്‍ന്നു. അത് സഭാസമ്മേളനത്തെ ബാധിക്കുമെന്നാണ് നേതൃത്വം വിലയിരുത്തിയത്. അതുകൊണ്ടാണ് ഗവർണറെ അനുനയിപ്പിക്കാൻ സർക്കാരിന് സിപിഎം നിർദ്ദേശം നൽകിയത്.

പൊതുഭരണ വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് കെ.ആർ.ജ്യോതി ലാലിനെ നീക്കിയ കാര്യം മുഖ്യമന്ത്രി തന്നെ ഫോണിലൂടെ ഗവർണറെ അറിയിച്ചു. രാജ്ഭവനിൽ കൂടുതൽ സ്റ്റാഫുകളെ നിയമിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലും അനുകൂല തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് ഗവർണർക്ക് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സൂചനയുണ്ട്. അതിനു ശേഷമായിരുന്നു ഗവർണർ നയ പ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിട്ടത്.

രാഷ്ട്രീയ പ്രതിസന്ധി ഒഴിഞ്ഞെങ്കിലും ഗവര്‍ണര്‍ക്ക് മുന്നില്‍ കീഴടങ്ങിയെന്ന വലിയ ക്ഷിണം സർക്കാരിനും സിപിഎമ്മിനും ഉണ്ടാക്കിയിട്ടുണ്ട്. അതു മറികടക്കാൻ രാഷ്ട്രീയമായി തന്നെ ഗവർണർക്ക് സിപിഎം മറുപടി പറയാനാണ് ആലോചന.. നയ പ്രഖ്യാപനത്തിൻ്റെ നന്ദിപ്രമേയ ചർച്ചയില്‍ പങ്കെടുക്കുന്ന സിപിഎം എംഎല്‍എമാര്‍ ഗവർണർക്കെതിരേ വിമർശനം ഉയര്‍ത്തും. ബിജെപി നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ഗവർണർ സർക്കാരിനെ തുടർച്ചയായി സമ്മർദത്തിലാക്കുന്നതെന്നാണ് സി പി എം കരുതുന്നത്. അതിനെ പ്രതിരോധിക്കാനുള്ള വഴികളും സി പി എം തേടുന്നുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News