'താനൂർ ബോട്ടപകടത്തിൽ ഭരണകൂടവും പ്രതി'; ജമാഅത്തെ ഇസ്‌ലാമി
നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ അഭിനന്ദനം അർഹിക്കുന്നതാണെന്നും എം.ഐ അബ്ദുൽ അസീസ് താനൂരിൽ പറഞ്ഞു
മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ ഭരണകൂടവും പ്രതിയാണെന്ന് ജമാഅത്തെ ഇസ്‍ലാമി അമീർ എം.ഐ അബ്ദുൽ അസീസ്. ഉദ്യോഗസ്ഥരുടെയും ഭരണകൂടത്തിന്‍റെയും അനാസ്ഥയാണ് അപകടത്തിന് കാരണം. അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക വേഗത്തിൽ നൽകണം. നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ അഭിനന്ദനം അർഹിക്കുന്നതാണെന്നും എം.ഐ അബ്ദുൽ അസീസ് താനൂരിൽ പറഞ്ഞു.
രാജ്യത്തെ ദുഃഖത്തിലാഴ്ത്തിയ ദുരന്തം നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതായിട്ടുണ്ട്. ദുരന്തങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളുന്നില്ല. മീൻ പിടുത്തത്തിന് ഉപയോഗിക്കുന്ന ബോട്ടുകൾ ടൂറിസത്തിന് ഉപയോഗിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പ് മുഖവിലക്കെടുത്തില്ലെന്നും എം.ഐ അബ്ദുൽ അസീസ് പറഞ്ഞു. ജൂഡീഷ്യൽ അന്വേഷണത്തെ സ്വാഗതം ചെയ്ത ജമാഅത്തെ ഇസ്‍ലാമി, സമാന ദുരന്തങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ടില്ലെന്ന വിമര്‍ശനവും പങ്കുവെച്ചു.
അതേസമയം, താനൂർ ബോട്ടപകടത്തിൽ മാരിടൈം ബോർഡ് തുറമുഖ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു. അപകടത്തിന്റെ പ്രധാന കാരണം കൂടുതൽ യാത്രക്കാരെ കയറ്റിയതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവറുടെ പരിചയക്കുറവും ബോട്ട് മറിയാൻ കാരണമായി. 22 പേരെ കയറ്റാൻ അനുമതിയുള്ള ബോട്ടിലാണ് നാൽപ്പതിലധികം പേരെ കയറ്റിയത്. താഴത്തെ ഡക്കിൽ മാത്രമാണ് യാത്രക്കാരെ കയറ്റാൻ അനുമതി ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
അപകടത്തിൽപെട്ട അറ്റ്ലാൻന്റിക് ബോട്ടിന് ഇൻഷുറൻസ് ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. 22 യാത്രക്കാർക്കാണ് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുക. അറ്റ്ലാൻഡ് എന്ന ബോട്ട് നിർമിച്ചത് അനുമതിയില്ലാതെയെന്ന് രേഖകൾ പരിശോധിച്ചതിൽ കണ്ടെത്തി. ബോട്ടിന് പിഴ ഈടാക്കിയാണ് നിർമാണം ക്രമപ്പെടുത്തിയത്. 10000 രൂപയാണ് ഇതിനായി ഈടാക്കിയത്. മരിടൈം ബോർഡ് സി.ഇ.ഒ ഇതുസംബന്ധിച്ച് കത്ത് നൽകി.
അപകടത്തിനു പിന്നാലെ ബോട്ടുടമ നാസറും ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാരും ഒളിവിൽ പോയിരിക്കുകയായിരുന്നു. നാസറിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടി. കോഴിക്കോട് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ജീവനക്കാരെ പിടികൂടാനുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.