കെ.ടി.യു താത്കാലിക വിസിയായി സിസാ തോമസ് ചുമതലയേറ്റത് ചട്ടങ്ങൾ ലംഘിച്ചെന്ന് സർക്കാർ വിലയിരുത്തൽ
ചുമതല ലഭിച്ച വിവരം മാതൃസ്ഥാപനത്തെയോ ഉന്നത വിദ്യാഭ്യാസ വകുപ്പിനെയോ അറിയിച്ചില്ല
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല താത്കാലിക വൈസ് ചാൻസലറായി സിസാ തോമസ് ചുമതലയേറ്റത് ചട്ടങ്ങൾ ലംഘിച്ചെന്ന് സർക്കാർ വിലയിരുത്തൽ. ചുമതല ലഭിച്ച വിവരം മാതൃസ്ഥാപനത്തെയോ ഉന്നത വിദ്യാഭ്യാസ വകുപ്പിനെയോ അറിയിച്ചില്ല. ചട്ടവിരുദ്ധമായി തുടരുന്ന പ്രോ വിസിയെ കൂടി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ഗവർണറെ സമീപിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ശിപാർശ മറികടന്നാണ് ഗവർണർ സ്വന്തം നിലയ്ക്ക് വൈസ് ചാൻസലർ സ്ഥാനം നൽകിയത്. സർക്കാർ ചട്ടപ്രകാരം ചുമതല ലഭിക്കുന്ന വ്യക്തി അത് ഏറ്റെടുക്കുന്നതിന് മുൻപായി മാതൃസ്ഥാപനത്തെയും വകുപ്പിനെയും വിവരമറിയിക്കണം. എന്നാൽ ചുമതല ലഭിച്ച വിവരം ടെക്നിക്കൽ എഡ്യൂക്കേഷൻ ജോയിൻ ഡയറക്ടറായ സിസാ തോമസ് മാതൃസ്ഥാപനത്തെ അറിയിച്ചിട്ടില്ല. പകരം ഗവർണറുടെ ഉത്തരവിന്‍റെ മാത്രം പിൻബലത്തിൽ അധികാരമേറ്റു. ഇതിൽ സിസാ തോമസിനോട് വിശദീകരണം തേടാനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഗവർണറുമായുള്ള പോര് മൂർധന്യത്തിൽ എത്തിയിരിക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ ഉടൻ നടപടിയിലേക്ക് കടക്കില്ല. നിയമോപദേശം തേടി സാവധാനം മുന്നോട്ടുപോകാനാണ് നീക്കം. അതേസമയം പ്രോ വിസി ഡോ. അയൂബിനെ കൂടി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ചാൻസിലർക്ക് പരാതി നൽകി. സിസാ തോമസ് വൈസ് ചാൻസലറായി ചുമതലയേൽക്കാൻ എത്തിയപ്പോൾ പ്രൊ വിസിയും രജിസ്ട്രാറും വിട്ടുനിന്നതും ഒപ്പിട്ടു ചുമതല ഏറ്റെടുക്കാൻ ജോയിനിങ് രജിസ്റ്റർ നൽകാതിരുന്നതും വിവാദമായിരുന്നു.