'കൊച്ചിയിൽ നാഥനില്ലാത്ത അവസ്ഥ, ജനങ്ങൾ പരിഭ്രാന്തരാണ്': വി.ഡി സതീശൻ
'ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ വീണ്ടും കൊണ്ടുപോകുന്നു. അവിടെ വീണ്ടും മാലിന്യക്കുന്ന് സൃഷ്ടിക്കുകയാണ്'
കൊച്ചി: ബ്രഹ്മപുരം പ്ലാന്റിൽ മാലിന്യങ്ങൾ പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 'തീ അണക്കാൻ ആദ്യ ദിവസം ഉണ്ടായിരുന്ന പ്ലാൻ മാത്രമാണ് ഇപ്പോഴുമുള്ളത്. ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പഠനങ്ങൾ ഇല്ല. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത സ്ഥിതിയാണ്. മാലിന്യം കത്തിച്ചതിനെ കുറിച്ച് ഇതുവരെ അന്വേഷിച്ചില്ല. കുറ്റക്കാർക്ക് രക്ഷപ്പെടാൻ സർക്കാർ അവസരം ഒരുക്കുകയാണെന്നും സതീശൻ പറഞ്ഞു.
'കൊച്ചിയിൽ നാഥനില്ലാത്ത അവസ്ഥ, ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രി തന്നെ സ്ഥലത്തേക്ക് പോയത്, ജനങ്ങൾ പരിഭ്രാന്തരാണ്. ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ വീണ്ടും കൊണ്ടുപോകുന്നുണ്ട്'. അവിടെ വീണ്ടും മാലിന്യക്കുന്ന് സൃഷ്ടിക്കുകയാണെന്നും സതീശൻ മീഡിയവണിനോട് പറഞ്ഞു.
അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 110 ഏക്കറിൽ പടർന്ന് പിടിച്ച തീയുടെ 90 ശതമാനവും അണയ്ക്കാനായെന്ന് ജില്ല കലക്ടർ പറഞ്ഞു. രണ്ട് ദിവസത്തിനകം പുകയ്ക്കും പരിഹാരം കാണനാകുമെന്നാണ് പ്രതീക്ഷ. വീണ്ടും തീ പടരാനുള്ള സാധ്യതകളും അഗ്നിശമന സേന പരിശോധിക്കുന്നുണ്ട്. ബ്രഹ്മപുരത്ത് സേവ് കൊച്ചിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നുണ്ട്. #KOCHICANTBREATH എന്ന ഹാഷ്‍ടാകുമായാണ് പ്രതിഷേധിക്കുന്നത്.
ബ്രഹ്മപുരം തീപ്പിടിത്തത്തിൽആരോഗ്യ വകുപ്പിന്റെ ഇടപെടൽ വൈകിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചു. വിഷയത്തിൽ കോർപ്പറേഷനും സർക്കാരിനും, ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ട് , തീയണക്കാൻ എല്ലാവരും കാര്യക്ഷമമായി പ്രവൃത്തിക്കുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ബ്രഹ്മപുരത്തെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ ആത്മാർത്ഥമായ ശ്രമം നടത്തുന്നുണ്ടെന്ന് നിയമസഭാ സ്പീക്കർ എ.എൻ . ഷംസീർ പറഞ്ഞു. മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ ആലുവയിലെ വസതിയിൽ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.