ബഫർ സോണിൽ നിന്ന് ജനവാസമേഖലകളെ ഒഴിവാക്കാൻ സര്‍ക്കാര്‍ തീരുമാനം
തട്ടേക്കാട് പക്ഷി സങ്കേതം, പമ്പാവാലി, എയ്ഞ്ചൽ വാലി മേഖലകളെയാണ് ഒഴിവാക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം
തിരുവനന്തപുരം: ബഫർസോണിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കാൻ സര്‍ക്കാര്‍ തീരുമാനം. തട്ടേക്കാട് പക്ഷി സങ്കേതം, പമ്പാവാലി, എയ്ഞ്ചൽ വാലി മേഖലകളെയാണ് ഒഴിവാക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം. തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ പക്ഷി സങ്കേതങ്ങളിൽ നിന്ന് ഒഴിവാക്കാനായി കേന്ദ്ര വന്യജീവി ബോർഡിനെ സമീപിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം.
പെരിയാർ ടൈഗർ റിസർവിലെ പമ്പാവാലി എയ്ഞ്ചൽ വാലി പ്രദേശങ്ങളെ പെരിയാർ ടൈഗർ റിസർവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനും യോഗം തീരുമാനിച്ചു. പെരിയാർ ടൈഗർ റിസർവ് 1978 ലും തട്ടേക്കാട് പക്ഷി സങ്കേതം 1983 ലുമാണ് രൂപീകൃതമായത്. വന്യജീവി മേഖലകളായി തന്നെയാണ് ഇവ രണ്ടും പരിഗണിച്ചിരുന്നത്. ഇപ്പോഴാണ് ഈ വന്യജീവി മേഖലയിൽ ഉൾപ്പെടുന്ന ജനവാസ മേഖലകളെ ആ പരിധിയിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്.