ഡോക്ടറെ മർദിച്ച കേസ്; നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയിലേക്ക്
നാളെ ഒപി, വാക്സിനേഷൻ, സ്വാബ് പരിശോധന എന്നിവയും ബഹിഷ്കരിക്കും.
കുട്ടനാട്ടിൽ വാക്സിൻ വിതരണത്തിനിടെ ഡോക്ടറെ മർദിച്ച കേസിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴയിലെ സർക്കാർ ഡോക്ടർമാർ നാളെ കൂട്ട അവധിയെടുക്കും. ഒപി, വാക്സിനേഷൻ, സ്വാബ് പരിശോധന എന്നിവയും ബഹിഷ്കരിക്കും.
വാക്സിൻ വിതരണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ശരത് ചന്ദ്രബോസിനാണ് മര്‍ദനമേറ്റത്. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വാക്‌സിന്‍ വിതരണം പൂർത്തിയായപ്പോള്‍ പത്തു യൂണിറ്റ് വാക്‌സിന്‍ ബാക്കി വന്നു. ഈ വാക്‌സിന്‍ വിതരണം ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.
കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ഡി.രഘുവരൻ, വിശാഖ് വിജയൻ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇതില്‍ വിശാഖ് വിജയൻ അറസ്റ്റിലായെങ്കിലും മറ്റു രണ്ടുപേരും ഒളിവിലായതിനാല്‍ ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികളെ പിടികൂടാൻ വൈകുന്നതിനെതിരെ അവധിദിനത്തിൽ ജോലി ചെയ്ത്, മർദനമേറ്റ ഡോക്ടർ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. ആശുപത്രിയിലെ മറ്റു ജീവനക്കാരും അവധി ഉപേക്ഷിച്ചു ജോലി ചെയ്ത് ഡോക്ടർക്കൊപ്പം പ്രതിഷേധത്തിൽ പങ്കാളികളായിരുന്നു.