'മത്സ്യത്തൊഴിലാളികളുടെ മരണത്തിന് പൂർണ്ണ ഉത്തരവാദി സര്‍ക്കാർ': ഫ്രറ്റേണിറ്റി മൂവ്മെന്റ്
മണല്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ പരിഹാരം കാണാത്തതിനാല്‍ അപകട ഭീഷണി കാരണം മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധി പോലും പ്രതിസന്ധിയിലാണെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ
തിരുവനന്തപുരം: മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിന് തന്നെയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ. മുതലപ്പൊഴിയില്‍ കഴിഞ്ഞ ദിവസം മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മരണപ്പെട്ട ബിജു ആൻ്റണി,സുരേഷ് ഫെർണാണ്ടസ്, റോബിൻ എഡ്വിൻ തുടങ്ങിയവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയാരുന്നു അദ്ദേഹം.
അഴിമുഖത്ത് മണലടിയുന്ന പ്രതിഭാസം മാസങ്ങള്‍ക്ക് മുന്നേ തുടങ്ങിയിട്ടും അതില്‍ യാതൊരു മുന്‍കരുതലുമെടുക്കാത്ത അധികൃതര്‍ തന്നെയാണ് ഈ അപകടങ്ങളുടെ ഉത്തരവാദികള്‍. ഇപ്പോഴും മണല്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ പരിഹാരം കാണാത്തതിനാല്‍ അപകട ഭീഷണി കാരണം മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധി പോലും പ്രതിസന്ധിയിലാണ്.
തീരദേശ ജനതയുടെ ജീവിതങ്ങളോട് പൊതുസമൂഹം പുലര്‍ത്തുന്ന വംശീയ മനോഭാവത്തിന്റെ തുടര്‍ച്ചയില്‍ തന്നെയാണ് അവരുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരില്‍ നിന്നുള്ള കാലതാമസത്തെയും മനസ്സിലാക്കേണ്ടത്. അതിജീവനത്തിന് വേണ്ടി സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികൾക്കെതിരെയും അവര്‍ക്ക് വേണ്ടി നിലകൊണ്ട ഫാദര്‍ യൂജിന്‍ പെരേക്കെതിരെയും കേസെടുക്കുകയും അവരെ അധിക്ഷേപിക്കുകയും ചെയ്ത സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടിയും ഇതിന്റെ ഭാഗമായിട്ടാണ്.
മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കളുമായും തീരദേശ വാസികളുമായും സമരത്തിന് നേതൃത്വം കൊടുക്കുന്നവരുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന കാര്യങ്ങളിൽ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര ശ്രദ്ധ പതിയണമെന്ന് ഷെഫ്റിൻ ആവശ്യപ്പെട്ടു.
1. മത്സ്യ വള്ളം മറിഞ്ഞ് മരണപ്പെട്ടവരുടെ കുടുംബത്തിന് എത്രയും വേഗം 10 ലക്ഷം രൂപ നഷ്ടപരിപരിഹാരവും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അവരുടെ മക്കളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കണം.
2. മുതലപ്പൊഴിയിലെ അഴിമുഖത്ത് അടിഞ്ഞു കൂടിയ മണല്‍ അടിയന്തിരമായി നീക്കം ചെയ്യുകയും ശാസ്ത്രീയമായ രീതിയില്‍ പുലിമുട്ട് പുനർനിര്‍മിച്ച് മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യണം.
3. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ക്കും ഫാദര്‍ യൂജിന്‍ പെരേരെക്കുമെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുകയും അവര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യണം.
4. തീരദേശ ജനതയുടെ വികാരത്തെ മാനിക്കാതെ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളോട് മോശമായി പെരുമാറിയ മന്ത്രി വി ശിവന്‍കുട്ടിയും ആന്റണി രാജുവും തീരദേശ ജനതയോട് മാപ്പ് പറയണം.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പലേരിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപുഴ,ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് അമീന്‍ റിയാസ്, ലബീബ് കായക്കൊടി തുടങ്ങിയ നേതാക്കാളും സന്ദർശന സംഘത്തിലുണ്ടായിരുന്നു.