വിഴിഞ്ഞം തുറമുഖം വൈകുന്നതില്‍ സര്‍ക്കാരിന്‍റെ നിഷ്ക്രിയത്വം; അടിയന്തര പ്രമേയവുമായി പ്രതിപക്ഷം
അടുത്ത മൺസൂണിന് മുൻപ് പുലിമുട്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
സംസ്ഥാനത്തിന് സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം വൈകുന്നത് സർക്കാരിന്‍റെ നിഷ്ക്രിയത്വം മൂലമാണെന്ന് പ്രതിപക്ഷം. വിഴിഞ്ഞം പദ്ധതി അനന്തമായി നീളുന്നത് കൊണ്ട് കേരളത്തിന്‍റെ സമ്പത്ത് നഷ്ടമുണ്ടാകുന്നുവെന്നും, സർക്കാരിൻ്റെ അനാസ്ഥ മൂലമാണ് പദ്ധതി വൈകുന്നതെന്നും അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി എം വിൻസന്‍റ് പറഞ്ഞു.
എന്നാല്‍, കോവിഡും, കാലാവസ്ഥയുമാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നും പുലിമുട്ട് നിർമാണം വേഗം പൂർത്തിയാക്കാൻ സർക്കാർ ഇടപെട്ടുവെന്നുമായിരുന്നു മന്ത്രി അഹമ്മദ് ദേവർ കോവിലിന്‍റെ വിശദീകരണം. അടുത്ത മൺസൂണിന് മുൻപ് പുലിമുട്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. പുലിമുട്ട് നിര്‍മാണത്തിനായി പാറ എത്തിക്കേണ്ടത് അദാനി ഗ്രൂപ്പാണ്, എന്നാല്‍, ഇതില്‍ കമ്പനി പരാജയപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പാറ എത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്നും തമിഴ്നാട് തുറമുഖ മന്ത്രിയുമായി ഫോണിൽ സംസാരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പദ്ധതി നടത്തിപ്പിൽ സർക്കാർ നോക്കുകുത്തിയായി മാറിയെന്നും കൃത്യമായ ഇടവേളകളിൽ കൂടിയാലോചന നടത്തുന്നതിന് സർക്കാർ പരാജയപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഈ രീതിയിൽ മുന്നോട്ടു പോയാൽ 10 വർഷമായാലും വിഴിഞ്ഞം പദ്ധതി പൂർത്തിയാവില്ല, കരാർ പ്രകാരമുള്ള 12 ലക്ഷം പിഴ ഈടാക്കാൻ സർക്കാർ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചങ്കിലും പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയില്ല.