അനറ്റിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു; ഭക്ഷ്യക്കിറ്റില്‍ ഇനി മധുരപലഹാരങ്ങളും
പത്തനംതിട്ട പെരിങ്ങനാട് സ്വദേശിയായ അനറ്റ് എന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം.
സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റില്‍ ഇനി മുതല്‍ മധുരപലഹാരങ്ങളും ഉള്‍പ്പെടുത്തും. പത്തനംതിട്ട പെരിങ്ങനാട് സ്വദേശിയായ അനറ്റ് എന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ഇനി മുതല്‍ കിറ്റില്‍ മധുരപലഹാരങ്ങളും ഉണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അനറ്റിനെ ഫോണില്‍ വിളിച്ച് അറിയിച്ചു.
ഭക്ഷ്യക്കിറ്റില്‍ പലഹാരവും ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് അനറ്റ് മുഖ്യമന്ത്രിക്ക് കത്തെഴുതുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കിറ്റില്‍ പലഹാരവും ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
കത്തെഴുതിയ വിവരം അറിഞ്ഞപ്പോള്‍ മകളെ വഴക്ക് പറഞ്ഞിരുന്നുവെന്ന് പിതാവ് പറഞ്ഞു. പല കുട്ടികളും പൈസക്കുടുക്ക പൊട്ടിച്ച് സര്‍ക്കാരിന് പണം കൊടുക്കുമ്പോള്‍ നീ ബിസ്‌ക്കറ്റിന് വേണ്ടി കത്തെഴുതുകയാണോ എന്ന് അവളോട് ചോദിച്ചിരുന്നു. എന്നാല്‍ എനിക്ക് വേണ്ടി മാത്രമല്ല എല്ലാ കുട്ടികള്‍ക്കും വേണ്ടിയാണ് എന്നായിരുന്നു അവളുടെ മറുപടി. ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അനറ്റിന്റെ പിതാവ് പറഞ്ഞു.