എൻട്രൻസ് പരീക്ഷ പാസാകാത്തവർക്കും സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളില്‍ പ്രവേശനം; ഉത്തരവിറക്കി സംസ്ഥാന സർക്കാർ
സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളിൽ കഴിഞ്ഞ വർഷം 37 ശതമാനം സീറ്റുകളാണ് കുട്ടികളെ കിട്ടാത്തതിനാൽ ഒഴിച്ചിടേണ്ടി വന്നത്
തിരുവനന്തപുരം: കുട്ടികളെക്കിട്ടാതെ പ്രതിസന്ധിയിലാകുന്ന സ്വാശ്രയ എഞ്ചിനീയറിങ് കോളജുകൾക്ക് സംസ്ഥാന സർക്കാറിന്റെ കൈവിട്ട സഹായം. എൻട്രൻസ് പരീക്ഷ പാസാകാത്തവർക്കും എഞ്ചിനീയറിങ് പ്രവേശനം നൽകാമെന്ന് സർക്കാർ ഉത്തരവിറക്കി.കേന്ദ്രീകൃത അലോട്ട്മെന്റിന് ശേഷവും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലെ പ്രവേശനത്തിനാണ് ഈ ഇളവ് ലഭിക്കുക.
സംസ്ഥാനത്തെ 130 സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളിൽ പ്രവേശനം നേടുന്നതിന് ഇനിമുതൽ എൻട്രൻസ് യോഗ്യത നിർബന്ധമില്ല. കേന്ദ്രീകൃത അലോട്ട്മെന്റുകൾ പൂർത്തിയായ ശേഷവും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് പ്ലസ് ടു അടിസ്ഥാന യോഗ്യതയായി പ്രവേശനം നൽകാമെന്നാണ് സർക്കാർ ഉത്തരവ്. ഇതുപ്രകാരം ഹയർസെക്കൻഡറി പരീക്ഷയിൽ 45% മാർക്ക് നേടിയവർക്ക് പ്രവേശനം നേടാം.
ഇങ്ങനെ പ്രവേശനം നൽകുന്ന വിദ്യാർഥികളുടെ പട്ടിക സാങ്കേതികസർവകലാശാല അംഗീകരിക്കണം. ഇളവ് നടപ്പാക്കാൻ എൻട്രൻസ് കമ്മിഷണർ പ്രോസ്പെക്ടസ് ഭേദഗതി ചെയ്യും. സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളിൽ കഴിഞ്ഞ വർഷം 37 ശതമാനം സീറ്റുകളാണ് കുട്ടികളെ കിട്ടാത്തതിനാൽ ഒഴിച്ചിടേണ്ടി വന്നത്. ഇത് കോളജ് മാനേജ്മെന്റുകൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. ഈ പ്രതിസന്ധി മറികടക്കാൻ മാനേജ്മെന്റ് അസോസിയേഷൻ മുന്നോട്ടുവച്ച ആവശ്യമാണ് സർക്കാർ അംഗീകരിച്ചത്. ഇതോടെ പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടാലും എഞ്ചിനീയറിങ് കോളജുകളിൽ പ്രവേശനം ലഭിക്കുമെന്ന് ഉറപ്പായി.