അനസ് എടത്തൊടികക്ക് സര്‍ക്കാര്‍ ജോലി; കായിക മന്ത്രിയുടെ ഉറപ്പു കിട്ടിയെന്ന് ടി.വി ഇബ്രാഹിം എം.എല്‍.എ
കായിക രംഗത്ത് സജീവമായിരിക്കെ തന്നെ തനിക്ക് ഡിപ്പാർട്ട്മെന്‍റ് ജോലി ലഭിക്കേണ്ടതായിരുന്നെന്നും എന്നാൽ എല്ലാം ശരിയായി വന്നപ്പോൾ സീനിയർ ഫുട്ബാൾ താരങ്ങൾ വിലങ്ങുതടിയായെന്നുമുള്ള അനസ് എടത്തൊടികയുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു
കേരളത്തിനും ഇന്ത്യക്കുമായി നിരവധി മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ പ്രമുഖ ഫുട്ബോള്‍ താരം അനസ് എടത്തൊടികകക്ക് സർക്കാർ ജോലി നൽകുമെന്ന് കായിക വകുപ്പ് മന്ത്രി ഉറപ്പു നല്‍കിയതായി ടി.വി ഇബ്രാഹിം എം.എൽ.എ. തന്‍റെ ഫെയിസ് ബുക്ക് കുറിപ്പിലൂടെയാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്. അനസ് എടത്തൊടികക്ക് ജോലി നൽകുന്ന കാര്യം സർക്കാർ തീരുമാനമാണെന്നും നിലവിലെ ലിസ്റ്റിൽ അദ്ദേഹത്തിന്‍റെ പേരുണ്ടെന്നും മന്ത്രി വി. അബ്ദുറഹ്‌മാൻ അറിയിച്ചതായി എം.എൽ.എ കുറിച്ചു.
കായിക രംഗത്ത് സജീവമായിരിക്കെ തന്നെ തനിക്ക് ഡിപ്പാർട്ട്മെന്‍റ് ജോലി ലഭിക്കേണ്ടതായിരുന്നെന്നും എന്നാൽ എല്ലാം ശരിയായി വന്നപ്പോൾ സീനിയർ ഫുട്ബാൾ താരങ്ങൾ വിലങ്ങുതടിയായെന്നുമുള്ള അനസ് എടത്തൊടികയുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മാധ്യമം ഓൺലൈനി'ന് നൽകിയ അഭിമുഖത്തിലാണ് അനസ് ഈ വെളിപ്പെടുത്തൽ നടത്തിയത്. അതേക്കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ കിട്ടുകയാണെങ്കിൽ തീർച്ചയായും തനിക്ക് പാരവെച്ച താരങ്ങളുടെ പേര് വെളിപ്പെടുത്തുമെന്നും അനസ് വ്യക്തമാക്കിയിരുന്നു.
വിവിധ ടൂർണമെന്‍റുകളില്‍ ഇന്ത്യക്ക് വേണ്ടിയും സന്തോഷ് ട്രോഫി പോലെയുള്ള ദേശീയ ചാമ്പ്യൻഷിപ്പുകളില്‍ കേരളത്തിന് വേണ്ടിയും കളത്തിലിറങ്ങി ഇന്ത്യയിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരങ്ങൾ വരെ നേടിയ അനസ് എടത്തൊടികയെ പോലെയുള്ള ഒരു വലിയ കായിക പ്രതിഭക്ക് സർക്കാർ ജോലി വൈകുന്നത് നിരാശാജനകമാണെന്ന് ടി.വി ഇബ്രാഹിം എം.എല്‍.എ ചൂണ്ടിക്കാട്ടി.
2016 മുതൽ 2020 വരെ ഇന്ത്യൻ ടീമിന് വേണ്ടി ഏഷ്യൻ കപ്പിലും, ലോകകപ്പ് യോഗ്യതാ മൽസരങ്ങളിലും,2010 ൽ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫിയിലും,ഐ ലീഗ്,ഐ.എസ്.എൽ തുടങ്ങിയ ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ രംഗത്തും 14 വർഷമായി സജീവ സാന്നിദ്ധ്യമായി തുടരുകയാണ് കൊണ്ടോട്ടി സ്വദേശിയായ അനസ് എടത്തൊടിക. പൊലീസ് ഡിപ്പാർട്ട്മെന്‍റ് ജോലിയാണ് തന്നെ തേടിയെത്തിയതെന്നും പേപ്പർ വർക്കുകൾ ഒരു വിധം ശരിയായി വന്നപ്പോൾ ചിലർ തന്‍റെ അവസരം നിഷേധിക്കുകയായിരുന്നെന്നുമാണ് അനസ് 'മാധ്യമ'ത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.