നവകേരള; പങ്കെടുക്കാത്തത് ഹിമാലയൻ ബ്ലണ്ടറെന്ന് മന്ത്രി റിയാസ്, സദസ്സ് ചരിത്ര ബ്ലണ്ടറെന്ന് എം.എം ഹസ്സൻ
കേരളത്തിന്റെ ഇന്നത്തെ അവസ്ഥ വെച്ച് 'ദുരിത കേരള സദസ്സ്' എന്നാണ് പരിപാടിക്ക് പേരിടേണ്ടതെന്നും എം.എം ഹസ്സൻ
തിരുവനന്തപുരം: നവകേരള സദസ്സിൽ ആരോപണ പ്രത്യാരോപണങ്ങളുമായി ഭരണ-പ്രതിപക്ഷം. സദസ്സ് ബഹിഷ്‌കരിച്ച യുഡിഎഫ് നിലപാട് ഹിമാലയൻ ബ്ലണ്ടറെന്ന് മന്ത്രി മുഹമ്മദ് റിയാസ് പരാമർശിച്ചപ്പോൾ സദസ്സ് തന്നെ ചരിത്ര ബ്ലണ്ടർ എന്നായിരുന്നു യുഡിഎഫ് കൺവീനർ എം.എം ഹസ്സന്റെ പ്രതികരണം.
നവകേരളയിൽ നിന്ന് പ്രതിപക്ഷ എം.എൽ.എമാർ മാറി നിൽക്കുന്നത് പൊതുജനത്തെ അപമാനിക്കലാണെന്നും സദസ്സുമായി ജനം പൂർണമായി സഹകരിക്കുമെന്നുമാണ് മന്ത്രി റിയാസ് തിരുവനന്തപുരത്ത് പറഞ്ഞത്. യുഡിഎഫിലെ ചില നേതാക്കളുടെ പിടിവാശി കാരണം സർക്കാർ ചെയ്യുന്ന എന്തിനെയും എതിർക്കുക എന്നതിന്റെ ഭാഗമാണ് നവകേരള സദസ്സ് ബഹിഷ്‌കരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
ഇതിന് മറുപടിയായാണ് എം.എം ഹസ്സൻ സദസ്സിനെ ചരിത്ര ബ്ലണ്ടർ എന്ന് വിശേഷിപ്പിച്ചത്. ആഡംബരവും ധൂർത്തുമാണ് നവകേരള സദസ്സെന്നും അതിൽ പങ്കെടുത്താലാണ് ബ്ലണ്ടറാവുക എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യുഡിഎഫിലെ നേതാക്കൾ നവകേരളയിൽ പങ്കെടുക്കുകയാണെങ്കിൽ ജനങ്ങൾ തങ്ങളെ വടിയെടുത്ത് തല്ലുമെന്നും കേരളത്തിന്റെ ഇന്നത്തെ അവസ്ഥ വെച്ച് ദുരിത കേരള സദസ്സ് എന്നാണ് പരിപാടിക്ക് പേരിടേണ്ടതെന്നും അദ്ദേഹം വിമർശിച്ചിരുന്നു. യുഡിഎഫിന് നട്ടെല്ലുണ്ടെന്ന് ജനം പറയുന്നത് തന്നെ സർക്കാരിന്റെ ആർഭാടത്തോട് സഹകരിക്കാതെ മാറി നടക്കുന്നത് കൊണ്ടാണ് എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.