ഓണാഘോഷങ്ങൾ ഒഴിവാക്കുന്നതിലെ സർക്കാർ ഉത്തരവ്; വ്യക്തത തേടി തൃശൂർ മേയർ
മറുപടി ലഭിച്ചശേഷം പുലിക്കളി വേണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും
തൃശൂർ: ഓണാഘോഷങ്ങൾ ഒഴിവാക്കുന്നതിലെ സർക്കാർ ഉത്തരവിൽ വ്യക്തത തേടി തൃശൂർ കോർപ്പറേഷൻ മേയർ സർക്കാറിന് കത്ത് നൽകി. പുലിക്കളി ഒഴിവാക്കുന്നതിനായി സർക്കാർ ഉത്തരവിനെ മേയർ തെറ്റായി വ്യാഖ്യാനിച്ചു എന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് നടപടി. മറുപടി ലഭിച്ചശേഷമായിരിക്കും പുലിക്കളി വേണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
ഈ വർഷം നാലാം ഓണനാളിൽ പുലിക്കളി ഉണ്ടാവുമോയെന്നതാണ് തൃൂശൂരുകാരുടെ ഇപ്പോഴത്തെ ചോദ്യം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണം വാരാഘോഷം വേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് പുലിക്കളി ഇത്തവണ ഇല്ലെന്ന് തൃശൂർ കോർപ്പറേഷൻ മേയർ അറിയിച്ചത്. പക്ഷേ ഈ സമയം പുലിക്കളി സംഘങ്ങൾ ഒരുക്കങ്ങളുമായി ഏറെ മുമ്പോട്ടു പോയിരുന്നു.
വാദ്യകലാകാരന്മാർ, പുലിയായി വേഷം കെട്ടുന്നവർ, ചമയക്കാർ അങ്ങനെ തുടങ്ങി പലർക്കും ഇതിനോടകം എല്ലാ കമ്മിറ്റികളും അഡ്വാൻസ് നൽകി കഴിഞ്ഞു. നാലുലക്ഷം രൂപ വരെ ഇത്തരത്തിൽ ചെലവഴിച്ച സംഘങ്ങളുണ്ട്. അതിനാൽ പുലികളി നടന്നില്ലെങ്കിൽ സംഘങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാവും.
ഇത് പരിഗണിച്ച് തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഒമ്പത് പുലിക്കളി സംഘങ്ങളും സംയുക്തമായി മേയർക്ക് കത്ത് നൽകിയത്. ഇതിനു പിന്നാലെയാണ് പുലികളിക്കായി സാമ്പത്തിക സഹായം കൈമാറാൻ ആവുമോ എന്നതിൽ വ്യക്തത വരുത്താൻ മേയർ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് കത്തയച്ചത്. മേയർ നൽകിയ കത്തിന് ലഭിക്കുന്ന മറുപടി അനുസരിച്ചിരിക്കും ഇത്തവണ നാലാം ഓണനാളിൽ തൃശൂരിൽ പുലി ഇറങ്ങുമോ ഇല്ലയോ എന്ന് വ്യക്തമാവുകയുള്ളൂ.
കോർപ്പറേഷൻ സഹായമില്ലാതെ എന്തായാലും പുലികളിയുമായി മുന്നോട്ടുപോകാൻ സംഘങ്ങൾക്ക് കഴിയില്ല. അതേസമയം, പുലിക്കളിയിൽ നിന്നുള്ള പാരിതോഷികങ്ങൾ ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവന നൽകാൻ ചില സംഘങ്ങൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്.