'സി.എം.ഡി സ്ഥാനം ഒഴിയേണ്ടതില്ല'; ബിജു പ്രഭാകരിന്റെ ആവശ്യം നിരസിച്ച് സർക്കാർ
ബിജു പ്രഭാകർ ഉന്നയിച്ച വിഷയങ്ങള്‍ ചീഫ് സെക്രട്ടറി വി. വേണു മുഖ്യമന്ത്രിയെ ധരിപ്പിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സിഎംഡി സ്ഥാനത്തുനിന്ന് ഒഴിയാനുള്ള ബിജു പ്രഭാകരിന്റെ രാജി ആവശ്യം സർക്കാർ നിരസിച്ചു. ധനവകുപ്പിന്റെ കെടുകാര്യസ്ഥതകൊണ്ടുണ്ടാകുന്ന പ്രശ്നത്തിന് സിഎംഡി ഒഴിയേണ്ടതില്ലെന്നാണ് ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ നിലപാട്. ബിജു പ്രഭാകർ ഉന്നയിച്ച പ്രശ്നങ്ങള്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു.
ശമ്പളവിതരണം തുടർച്ചയായി തടസപ്പെട്ടതും സിഎംഡി നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിർദേശിച്ചതുമാണ് സ്ഥാനം ഒഴിയാമെന്ന നിലപാടിലേക്ക് ബിജു പ്രഭാകരിനെ എത്തിച്ചത്. ഓണം അടുത്തതോടെ ജീവനക്കാർക്ക് ശമ്പളവും അലവന്‍സും നല്‍കാനായില്ലെങ്കില്‍, സിഎംഡി കോടതിയില്‍ അതിനും മറുപടി പറയേണ്ടി വരും. അതോടൊപ്പം ഭരണപക്ഷ യൂണിയനായ സിഐടിയു അടക്കം സിഎംഡിയോട് നിസഹകരിക്കുകയാണ്. പ്രതിസന്ധിയിലായ കോർപ്പറേഷനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും ജീവനക്കാരുടെ ശത്രുവാകാനില്ലെന്ന നിലപാടാണ്ചീഫ് സെക്രട്ടറിയേയും ഗതാഗതവകുപ്പ് മന്ത്രിയേയും ബിജു പ്രഭാകർ അറിയിച്ചത്.
അച്ഛനെ അധിക്ഷേപിച്ച യൂണിയന്‍ നേതാക്കള്‍ക്കെതിരെ പോലും നടപടി എടുക്കാത്തതിലെ അമർഷവും സിഎംഡി പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തിൽ സി.എം.ഡി സ്ഥാനത്തുനിന്ന് ബിജു പ്രഭാകർ ഒഴിയേണ്ടതില്ലെന്നാണ് വകുപ്പ് മന്ത്രിയുടെ നിലപാട്. ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി കെഎസ്ആർടിസിയുടെ പ്രതിസന്ധി ബോധ്യപ്പെടുത്തിയാൽ മതിയെന്നും മന്ത്രി ആന്റണി രാജു സിഎംഡിയെ അറിയിച്ചു.എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം വിതരണം ചെയ്യണമെന്ന മുഖ്യമന്ത്രി തൊഴിലാളി യൂണിയനുകള്‍ക്ക് ഉറപ്പ് നല്‍കിയതാണ്. ഇത് പാലിക്കാന്‍ ധനവകുപ്പ് സഹായിക്കാത്തതില്‍ ഗതാഗതവകുപ്പിന് കടുത്ത അമർഷവുമുണ്ട്. ധനവകുപ്പ് സഹായിക്കുന്നില്ലെന്ന സിഎംഡിയുടെ നിലപാട് സിഐടിയു തള്ളി.
ബിജു പ്രഭാകർ ഉന്നയിച്ച വിഷയങ്ങള്‍ ചീഫ് സെക്രട്ടറി വി.വേണു മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു. സിഎംഡി രാജിവെക്കേണ്ടെന്ന് തന്നെയാണ് മുഖ്യമന്ത്രിയുടേയും നിലപാടെന്നാണ് സൂചന. കെഎസ്ആർടിസി വാർത്തകളും വസ്തുതകളും എന്ന പേരില്‍ ഫേസ്ബുക്ക് വഴി ആരംഭിച്ച പ്രഭാഷണം ബിജു പ്രഭാകർ ഇന്നും തുടരും. സ്വിഫ്റ്റ് കെഎസ്ആർടിസിയുടെ അന്തകനോ എന്ന വിഷയത്തിലാണ് സിഎംഡി ഇന്ന് സംസാരിക്കുക.