മണിച്ചന്റെ മോചനത്തിൽ സർക്കാർ തീരുമാനമെടുക്കണം: സുപ്രിംകോടതി
നാലാഴ്ചക്കകം തീരുമാനമെടുക്കണമെന്നാണ് കോടതിയുടെ നിർദേശം
ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്ത കേസ് പ്രതി മണിച്ചന്റെ ജയിൽ മോചനത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി. നാലാഴ്ചക്കകം തീരുമാനമെടുക്കണമെന്നാണ് കോടതിയുടെ നിർദേശം. ജയിലുപദേശക സമിതി നൽകിയ രേഖകൾ പരിശോധിച്ച ശേഷമാണ് നിർദേശം. രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളൻ വിധി കോടതി പരാമർശിച്ചു. മോചന കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ ഈ വിധി കൂടി പരിഗണിക്കണമെന്ന് കോടതി പറഞ്ഞു. മണിച്ചൻറെ മോചന കാര്യത്തിൽ നാല് മാസമായിട്ടും തീരുമാനം എടുക്കാത്തതിൽ ജയിൽ ഉപദേശക സമിതിയെ സുപ്രിംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വിഷയം ഉത്തരവാദിത്തപ്പെട്ട ഭരണഘടനാ സ്ഥാപനത്തിൻറെ പരിഗണനയിലാണെന്നാണ് സർക്കാർ അറിയിച്ചത്.
മോചനം സംബന്ധിച്ച മന്ത്രിസഭയുടെ ശിപാർശ അംഗീകരിക്കാൻ ഗവർണർക്ക് ബാധ്യതയുണ്ടെന്നായിരുന്നു പേരറിവാളൻ കേസിൽ സുപ്രീം കോടതി ഉത്തരവ്. ഇതോടെ മണിച്ചനെ മോചിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ ശിപാർശ അംഗീകരിക്കാൻ ഗവർണർ ബാധ്യസ്ഥനാകും. മണിച്ചന്റെ മോചനത്തിൽ ഫയലുകൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ഗവർണറും പ്രതികരിച്ചു
ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് കഴിഞ്ഞ 20 വർഷമായി ജയിലിൽ കഴിയുന്ന മണിച്ചൻ അടക്കം 33 പേരുടെ ശിക്ഷ ഇളവ് ചെയ്ത് നൽകണമെന്ന ശിപർശ സർക്കാർ ഗവർണർക്ക് സമർപ്പിച്ചിരിന്നു. ആസാദി കാ അമൃത് ആഘോഷത്തിൻറെ ഭാഗമായാണ് മണിച്ചനടക്കമുള്ളവർക്ക് ശിക്ഷ ഇളവ് നൽകാനുള്ള ശിപർശ സംസ്ഥാന സർക്കാർ തയ്യാറാക്കിയത്. മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ മുദ്രവെച്ചകവർ പരിശോധിച്ച ശേഷമാണ് മണിച്ചൻറെ ഭാര്യ ഉഷ നൽകിയ ഹരജി സുപ്രീംകോടതി തീർപ്പാക്കിയത്. മണിച്ചൻറെ മോചനകാര്യത്തിൽ നാലാഴ്ചക്കകം തീരുമാനം എടുക്കണമെന്നാണ് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.
31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് ചന്ദ്രൻ മണിച്ചൻ. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തമുണ്ടായത്.