'അധികാരമില്ലാത്ത കാര്യങ്ങളിലാണ് ഗവർണറുടെ ഇടപെടൽ'; പ്രതികരണവുമായി സി.പി.എം
താൻ ആർ.എസ്.എസ്സുകാരനാണെന്ന് പരസ്യമായി പറഞ്ഞ ഗവർണറാണിതെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: ആക്ഷേപിച്ചാൽ മന്ത്രി സ്ഥാനം റദ്ദാക്കുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അധികാരമില്ലാത്ത കാര്യങ്ങളിലാണ് ഗവർണർ ഇടപെടുന്നതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ആർ.എസ്.എസ്സിന്റെ നിർദേശം നടപ്പാക്കാനാണ് ഗവർണറുടെ ശ്രമമെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഗവർണറുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സി.പി.എമ്മിന്റെ പ്രതികരണം.
മന്ത്രിമാരെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമില്ല. ഗവർണറുടെ ശ്രമം തെറ്റായ പ്രവണത നടപ്പിലാക്കുകയെന്നതാണ്. താൻ ആർ.എസ്.എസ്സുകാരനാണെന്ന് പരസ്യമായി പറഞ്ഞ ഗവർണറാണിതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഗവർണറുടെ നിലപാടുകളോട് വിധേയപ്പെടാൻ എൽ.ഡി.എഫിനാകില്ലെന്നും ഗവർണർ കാട്ടുന്നത് അമിതാധികാര പ്രവണതയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണറുടേത് ഭരണഘടനാ വിരുദ്ധ പരാമർശമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോയും പ്രസ്താവനയിറക്കി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനാ പദവിക്ക് നിരക്കാത്ത രീതിയിലാണ് പ്രവർത്തിക്കുന്നത്. ഏകാധിപത്യ അധികാരങ്ങൾ ഗവർണർക്ക് ഭരണഘടന നൽകുന്നില്ല. സർക്കാറിനോടുള്ള ശത്രുതതാണ് പ്രസ്താവനയിൽ തെളിയിന്നതെന്നും പി.ബി പ്രതികരിച്ചു.
അതേസമയം തങ്ങളാരും പ്രശ്‌നമുണ്ടാകുന്ന തരത്തിൽ ഗവർണറോട് സംസാരിച്ചിട്ടില്ലെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. ഏറ്റവും സംയമനത്തോടുകൂടിയാണ് എല്ലാവരും ഗവർണറോട് സംസാരിക്കുന്നത്. ഗവർണറുടെ ട്വീറ്റിൽ ഒരു മന്ത്രിയെ കുറിച്ചും പ്രത്യേക പരാമർശം ഇല്ലെന്നും ആർ.ബിന്ദു വ്യക്തമാക്കി. ഗവർണറുടെ പരാമർശത്തോട് പ്രതിപക്ഷവും രൂക്ഷാമായാണ് പ്രതികരിച്ചത്. ഗവർണർക്ക് ഇഷ്ടമില്ലെന്ന് കരുതി മന്ത്രിമാരെ പിൻവലിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ പറഞ്ഞു. സർക്കാരും ഗവർണറും തമ്മിലുള്ള തർക്കത്തിന് ഗൗരവം കൊടുക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരും ഗവർണറും തമ്മിൽ എന്താണ് തർക്കമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഗവർണർ ഭരണഘടനാതീത ശക്തിയല്ലായെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
ഗവർണർ പദവിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നതടക്കമുള്ള നടപടിയുണ്ടാവുമെന്നാണ് ഗവർണർ ട്വീറ്റ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ടെന്നും എന്നാൽ പദവിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടായാൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നുമാണ് ഗവർണറുടെ ഭീഷണി. സർക്കാർ ഗവർണർ പോര് തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം വിളിച്ച് ഗവർണർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. അതിന് ശേഷമാണ് ഗവർണർ കേരളത്തിലെ മാധ്യമങ്ങളോട് സംസാരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചത്. മുഖ്യമന്ത്രി പരസ്യമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെ പി. രാജീവ് അടക്കമുള്ള മന്ത്രിമാർ ഗവർണറുടെ നിലപാടിനെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടിയുണ്ടാവുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകിയത്.