ഗവർണറുടെ നിലപാട് നിയമവിരുദ്ധം; ഇതിനെതിരെ ഏതറ്റംവരെ പോകാനും മടിയില്ല: എം.വി ഗോവിന്ദൻ
മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടതിനെതിരെ പത്രപ്രവർത്തക യൂണിയൻ രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചത് അഭിനന്ദനാർഹമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
തിരുവനന്തപുരം: ഗവർണറുടെ നിലപാട് സ്വേച്ഛാധിപത്യപരമാണെന്ന് സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ. ഗവർണർ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഏതറ്റം വരേയും പോകാൻ ഇടത് മുന്നണിക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടത് അടക്കമുള്ള ഗവർണറുടെ നിലപാട് ഫാസിസത്തിലേക്കുള്ള പോക്കാണ്. ഇതിനെതിരെ മാധ്യമപ്രവർത്തകർ രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചത് അഭിനന്ദനാർഹമാണ്. ഗവർണറുടെ സ്വേച്ഛാധിപത്യപരമായ നിലപാടിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ കത്ത് വിവാദത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഇത് സംബന്ധിച്ച് ജില്ലാ കമ്മിറ്റിയാണ് അന്വേഷിക്കുന്നതെന്നും അവർ അതിനെക്കുറിച്ച് പറയുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.