'സഞ്ജു ടെക്കിയുടെ കാർ രജിസ്ട്രേഷൻ റദ്ദാക്കും, ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യും': സർക്കാർ ഹൈക്കോടതിയിൽ
ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തതിന് ക്രിമിനൽ കേസെടുക്കുമെന്നും പിഴ ഈടാക്കുമെന്നും സർക്കാർ വ്യക്തമാക്കി
എറണാകുളം: കാറിനുള്ളിൽ നീന്തൽക്കുളമൊരുക്കി യാത്ര ചെയ്ത വ്ലോഗർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻ്റ് ചെയ്യുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തതിന് ക്രിമിനൽ കേസെടുക്കുമെന്നും പിഴ ഈടാക്കുമെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ ഹൈക്കോടതിയിൽ സമര്‍പ്പിച്ച് നടപടി റിപ്പോർട്ടിലാണ് ഈ കാര്യങ്ങള്‍ ഉള്ളത്. നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
വീഡിയോ വൈറലാക്കാന്‍ ടാറ്റ സഫാരി കാറിന്റെ നടുവിലെ സീറ്റ് അഴിച്ചുമാറ്റി കുളമൊരുക്കി യാത്ര ചെയ്തതാണ് സഞ്ജുവിനെ വെട്ടിലാക്കിയത്. സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനും എതിരെയാണ് നടപടികള്‍. കാര്‍ പിടിച്ചെടുത്ത് രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും മോട്ടോര്‍ വാഹനവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. യൂട്യൂബിൽ 4 ലക്ഷം ഫോളോവേഴ്സുള്ള വ്ലോഗറാണ് സഞ്ജു ടെക്കി.
സഞ്ജു ടെക്കിക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടിക്കൊരുങ്ങുന്നതായി മന്ത്രി ഗണേഷ് കുമാറും വ്യക്തമാക്കിയിരുന്നു. സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവുമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വാഹനവുമായി ബന്ധപ്പെട്ട ഇത്തരം വീഡിയോകളുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.