ഭിന്നശേഷി വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക്: വ്യവസ്ഥകളിൽ മാറ്റം വരുത്തി സാങ്കേതിക സർവകലാശാല
സംസ്ഥാന വികലാംഗ കമ്മീഷണറുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം.
തിരുവനന്തപുരം: ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള വ്യവസ്ഥകളിൽ കാതലായ മാറ്റങ്ങൾ വരുത്തി എപിജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല. 2016-ലെ ആർ.പി.ഡബ്ല്യു.ഡി ആക്‌ട്, കേന്ദ്ര സർക്കാർ നൽകുന്ന യു.ഡി.ഐ.ഡി (യൂണിക് ഡിസബിലിറ്റി ഐഡൻറിറ്റി കാർഡ്) വ്യവസ്ഥകൾ ഉൾപ്പെടെ, പൂർണമായി നടപ്പാക്കണമെന്നുള്ളസംസ്ഥാന വികലാംഗ കമ്മീഷണറുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം.
ആർ.പി.ഡബ്ല്യു.ഡി ആക്‌ട് നിലവിൽ വന്ന 2017 ഏപ്രിൽ 17 മുതൽ ഈ നിയമം നടപ്പാക്കാൻ സർവകലാശാല അക്കാദമിക് കൗൺസിൽ അംഗീകാരം നൽകി. ഇതുപ്രകാരം, താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി, ജില്ലാ ആശുപത്രി, സ്റ്റാൻഡിങ് ഡിസെബിലിറ്റി അസസ്‌മെന്റ് ബോർഡ് എന്നിവ നൽകുന്ന വികലാംഗ സർട്ടിഫിക്കറ്റുകൾ ഗ്രേസ് മാർക്ക് നൽകുന്നതിന് പരിഗണിക്കും.
കൂടാതെ ബെഞ്ച്മാർക്ക് വൈകല്യമുള്ള വിദ്യാർഥികളെ ഒരു വർഷത്തെ കാലാവധിയുള്ള വികലാംഗ സർട്ടിഫിക്കറ്റുകൾ നൽകണമെന്നുള്ള വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കുമെന്നും സർവകലാശാല അറിയിച്ചു. ആർപിഡബ്ല്യുഡി നിയമ പ്രകാരം 40 ശതമാനം വൈകല്യമാണ് ബെഞ്ച്മാർക്ക് വൈകല്യം. മുമ്പ് ജില്ലാ മെഡിക്കൽ ബോർഡ് നൽകുന്ന വികലാംഗ സർട്ടിഫിക്കറ്റുകൾ മാത്രമാണ് ഗ്രേസ് മാർക്ക് നൽകുന്നതിന് സർവകലാശാല പരിഗണിച്ചിരുന്നത്.