'പച്ച കലർന്ന ചുവപ്പ്'; കെ.ടി ജലീലിന്റെ ജീവിതം പുസ്തകമാകുന്നു

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ വേദിയിലാണ് പ്രകാശനം.

Update: 2023-10-04 12:10 GMT
Advertising

കോഴിക്കോട്: കെ.ടി ജലീൽ എം.എൽ.എയുടെ ജീവിതം പറയുന്ന 'പച്ച കലർന്ന ചുവപ്പ്' പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ വേദിയിലാണ് പ്രകാശനം. എഴുത്തുകാരൻ ഷാജഹാൻ മാടമ്പാട്ടാണ് പുസ്തകത്തിന് അവതാരിക എഴുതിയത്.

കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

"പച്ച കലർന്ന ചുവപ്പിൻ്റെ" ഒന്നാംഭാഗം പുസ്തകമാകുന്നു.

സമകാലിക മലയാളം വാരികയിൽ ഇരുപത്തിയഞ്ചോളം ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച "പച്ച കലർന്ന ചുവപ്പ്", ഒന്നാംഭാഗം പുസ്തകമായി വെളിച്ചം കാണുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. 400 പേജുള്ള കൃതി കൈരളി ബുക്സാണ് പുറത്തിറക്കുന്നത്.

ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവ വേദികളിലൊന്നിലായിരിക്കും പ്രകാശനം. പ്രമുഖ എഴുത്തുകാരൻ ഷാജഹാൻ മാടമ്പാട്ടാണ് പുസ്തകത്തിന് അവതാരിക തയ്യാറാക്കിയിരിക്കുന്നത്.

മലപ്പുറത്തിൻ്റെ പച്ചയായ ജീവിതമാണ് പുസ്തകത്തിലെ പ്രതിപാദ്യം. മാപ്പിള ജീവിതം ഫലപ്രദമായി മുഖ്യധാരയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്നത് വസ്തുതയാണ്. എസ്.കെ. പൊറ്റക്കാട് ദേശത്തിൻ്റെ കഥ പറഞ്ഞ് മലയാളിയെ അതിശയിപ്പിച്ചു. ബഷീറും എം.ടിയും മാധവിക്കുട്ടിയും അവരുടെ ചുറ്റുവട്ടത്ത് കണ്ടതും കേട്ടതും അനുഭവിച്ചതും കഥകളിലും നോവലുകളിലും അഭിമുഖങ്ങളിലും ലേഖനങ്ങളിലും ഇതിവൃത്തമാക്കി അവതരിപ്പിച്ചു.

എന്നാൽ മലപ്പുറം ജീവിതം വേണ്ടത്ര കടലാസിൽ പതിഞ്ഞോ എന്ന് സംശയമാണ്. മലപ്പുറത്തിൻ്റെ ചരിത്രവും സംസ്കാരവും സി.എൻ അഹമ്മദ് മൗലവിയും കെ.കെ. മുഹമ്മദ് അബ്ദുൽകരീമുമെല്ലാം സത്ത ചോർന്നു പോകാതെ രേഖപ്പെടുത്തി. ടി.കെ ഹംസാക്ക ജീവിതം പറഞ്ഞതും മറക്കുന്നില്ല.

മലപ്പുറത്തിൻ്റെ ഓരോ സൂക്ഷ്മാണുവിലും സ്നേഹവും ഐക്യവും ബഹുവർണ്ണക്കാഴ്ചകളും അലിഞ്ഞുചേർന്നിട്ടുണ്ട്. ആ കഥകളാണ് ചിന്തകനും ദാർശനികനും സാഹിത്യകാരനും ഇരുത്തംവന്ന എഴുത്തുകാരനുമൊന്നുമല്ലാത്ത ഒരു സാധാരണ പൊതുപ്രവർത്തകൻ്റെ തൂലികയിലൂടെ പുറംലോകത്തെത്തുന്നത്.

മലപ്പുറത്തെ ഒരു യാഥാസ്തിക കുടുംബത്തിൽ വളരുന്ന കുട്ടിയുടെ ആത്മസംഘർഷങ്ങളും ഏറനാട്ടിലെയും വള്ളുവനാട്ടിലെയും നിഷ്കളങ്കരായ നാനാജാതി മതസ്ഥരായ മനുഷ്യരുടെ സൗഹൃദവും പുസ്തകത്തിൽ വിഷയമാകുന്നുണ്ട്. മലപ്പുറത്തെ മനുഷ്യരുടെ ഇഴപിരിക്കാനാവാത്ത സാമൂഹ്യ ബന്ധങ്ങളുടെ സുഗന്ധം "പച്ച കലർന്ന ചുവപ്പിൽ" അനുഭവിക്കാം.

എൻ്റെ എട്ടാമത്തെ പുസ്തകമാണ് വായനക്കാരുടെ കൈകളിൽ എത്തുന്നത്. കഴിഞ്ഞ ഏഴു പുസ്തകളും കൈനീട്ടി സ്വീകരിച്ച അക്ഷര സ്നേഹികൾ "പച്ച കലർന്ന ചുവപ്പി"ൻ്റെ ഒന്നാംഭാഗമായ "കാൽനൂറ്റാണ്ടിൻ്റെ കഥ എൻ്റെയും" എന്ന രചനയും ഏറ്റുവാങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News