മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചതിനെതിരെ കേസ്; ഗ്രോ വാസുവിനെ വെറുതെ വിട്ടു

കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി

Update: 2023-09-13 07:37 GMT
Editor : Jaisy Thomas | By : Web Desk

ഗ്രോ വാസു

Advertising

കോഴിക്കോട്: മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചതിന് ഗ്രോ വാസുവിനെതിരെയെടുത്ത കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ വെറുതെവിട്ടു. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.പ്രോസിക്യൂഷന് കുറ്റങ്ങൾ തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു.

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച കേസിൽ സാക്ഷികളെയും തെളിവുകളും ഹാജരാക്കാൻ ഇല്ലെന്ന് ഗ്രോ വാസു കോടതിയിൽ പറ‍ഞ്ഞിരുന്നു. വഴി തടസ്സപ്പെടുത്തിയതിന് സാക്ഷികളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ ​ഗ്രോ വാസു മെഡിക്കൽ കോളജ് ആശുപത്രിയിൽ സംഘം ചേർന്നതിന് അധികൃതർ പരാതി പോലും നൽകിയിട്ടില്ലെന്നും കോടതിയിൽ വ്യക്തമാക്കി. വഴി തടസ്സം ചൂണ്ടിക്കാട്ടി ആരെങ്കിലും പരാതി നൽകിയോ എന്ന് പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി ചോദിച്ചിരുന്നു. മോർച്ചറിക്ക് മുന്നിൽ അനുശോചനം നടത്തുക മാത്രമാണ് ചെയ്തതെന്നും കേസിൽ ശിക്ഷിക്കുന്നതിന് വിരോധമില്ലെന്നും ഗ്രോ വാസു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

2016 ലെ കേസിൽ എൽ.പി വാറണ്ടിന്‍റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജ് പൊലീസ് ജൂലൈ 29ന്   94കാരനായ ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറി പരിസരത്ത് പ്രതിഷേധിച്ച സംഭവത്തിലാണ് കേസ്. എന്നാൽ കേസ് അംഗീകരിക്കില്ലെന്നും ജാമ്യമെടുക്കില്ലെന്നും ഗ്രോവാസു കോടതിയിൽ നിലപാടെടുത്തു. തുടർന്ന് കുന്ദമംഗലം കോടതി റിമാൻഡ് കാലാവധി നീട്ടുകയായിരുന്നു. 

കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്‌ട്രേറ്റ് സ്വന്തം ജാമ്യത്തിൽ വിട്ടെങ്കിലും രേഖകളിൽ ഒപ്പുവെക്കാനും കുറ്റം സമ്മതിക്കാനും ഗ്രോ വാസു തയ്യാറായില്ല. മുൻകാല സഹപ്രവർത്തകരായ മോയിൻ ബാപ്പു അടക്കമുള്ളവർ കോടതിയിൽ എത്തി ഗ്രോ വാസുവുമായി ചർച്ച നടത്തിയെങ്കിലും ഭരണകൂടത്തോടുള്ള പ്രതിഷേധമായതിനാൽ കോടതി രേഖകളിൽ ഒപ്പുവെക്കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News