ജി.എസ്.ടി, കോവിഡ് ; സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാർഗങ്ങൾ തേടി സർക്കാർ
ബജറ്റിന് പുറത്ത് പണം കണ്ട് ആരംഭിച്ച കിഫ്ബി പോലുള്ള സംവിധാനങ്ങളുടെ ഭാവിയും സർക്കാർ പരിശോധിച്ചു തുടങ്ങി.
സംസ്ഥാനത്തിന്റെ ധന പ്രതിസന്ധി മറികടക്കാനുള്ള മാർഗങ്ങൾ തേടുകയാണ് സർക്കാർ. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധിയും GST നഷ്ടപരിഹാര സാധ്യതയടയുന്നതും തിരിച്ചടിയാകുമ്പോൾ പുതിയ വഴികളുടെ ആലോചനയിലാണ് സർക്കാർ. കുടിശിക ചോർച്ചയില്ലാതെ നികുതി പിരിവ് ഊർജിതമാക്കി വരുമാനസാധ്യത തേടാനാണ് പ്രധാന ശ്രമം. മറ്റു മാർഗങ്ങൾ എന്തൊക്കെയെന്ന് പഠിക്കുകയാണ് ധനവകുപ്പ്.
ജി.എസ്.ടി യിൽ നിന്നുള്ള വരുമാനം വിൽപന നികുതിയിൽ നിന്നുള്ള വരുമാനത്തേക്കാൾ കുറവാണെങ്കിൽ അത് അഞ്ച് വർഷത്തേക്ക് കേന്ദ്രം നികത്തുമെന്നാണ് കരാർ. അടുത്ത വർഷം ജൂലൈ കഴിയുന്നതോടെ അതും നിലക്കും. നഷ്ടപരിഹാരമായി ഇതുവരെ 16,659 ലഭിച്ചു. കോവിഡ് കാല ദുരിതമകറ്റാൻ 13,000 കോടി വായ്പയെടുക്കാനും അനുമതി നൽകി. ധനകാര്യ കമ്മീഷൻ ഗ്രാൻന്റിനത്തിൽ 15,000 കോടിയും ഖജനാവിലെത്തി. വായ്പാ പരിധി 3 ശതമാനത്തിൽ നിന്ന് 5 ആക്കി ഉയർത്തിയപ്പോഴാണ് ഒന്ന് നിവരാനായത്. അപ്പോഴും തിരിച്ചടവ് ബാധ്യതയടക്കം പേറി കേരളം വീർപ്പുമുട്ടുകയാണ്.
ബജറ്റിന് പുറത്ത് പണം കണ്ട് ആരംഭിച്ച കിഫ്ബി പോലുള്ള സംവിധാനങ്ങളുടെ ഭാവിയും സർക്കാർ പരിശോധിച്ചു തുടങ്ങി. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകുമ്പോൾ വ്യവസായ നിക്ഷേപങ്ങൾ വരുമെന്ന കണക്കുകൂട്ടലുകളും തെറ്റുന്നുവെന്നാണ് വിലയിരുത്തൽ. ഇതോടെ പുതിയ വഴികൾ തേടുകയാണ് സംസ്ഥാനം.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടാണ് സാമ്പത്തിക ആഘാത പഠനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കോവിഡ് ഒന്നാം തരംഗത്തിലുണ്ടായ പ്രതിസന്ധി മറികടക്കാൻ കണ്ടെത്തിയ മാർഗങ്ങൾ ഫലം ചെയ്തെന്ന ആശ്വാസത്തിലാണ് പുതിയ പഠനങ്ങളും നടക്കുന്നത്. ഖജനാവ് നിറയാൻ കുറച്ചു കൂടി ക്രിയാത്മക നടപടികളാണ് സർക്കാർ ആഗ്രഹിക്കുന്നത്.
GST നഷ്ടപരിഹാരം ലഭിച്ചത്
2017-18 - 2,102 കോടി
2018- 19 -3532 കോടി
2019- 20 - 81 11 കോടി
2020- 2 1 - 914 കോടി
ആകെ - 14,659 കോടി
കോവിഡ് ദുരിതാശ്വാസ വായ്പ - 13,000 കോടി
ധനകാര്യ കമ്മീഷൻ ഗ്രാന്റ് - 15,000 കോടി
വായ്പാ പരിധി - 3 ല്‍ നിന്ന് 5 ശതമാനമാക്കി