തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; കുറ്റിച്ചലിൽ വീടിന് നേരെ ബോംബെറിഞ്ഞു
നഗരത്തിൽ നിന്ന് മാറിയുള്ള മലയോര മേഖലയാണ് കുറ്റിച്ചൽ. പ്രതികൾ വനമേഖലയിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസ് നിഗമനം.
തിരുവനന്തപുരം: ജില്ലയിൽ വീണ്ടും ഗുണ്ടാ ആക്രമണം. കുറ്റിച്ചലിൽ യുവാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു. നിരവധി കേസിൽ പ്രതിയായ അനീഷാണ് മലവിള സ്വദേശി കിരണിന്റെ വീടിന് നേരെ അനീഷിനെതിരെ ജില്ലയിൽ പതിനഞ്ചോളം കേസുകളുണ്ട്. മയക്കുമരുന്ന് കേസിൽ ഇയാൾ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഈ വിവരം കിരൺ പൊലീസിനെ വിളിച്ചു പറഞ്ഞിരുന്നു. ഇതിനെച്ചൊല്ലി കിരണും അനീഷും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബോംബെറിഞ്ഞത്.
നഗരത്തിൽ നിന്ന് മാറിയുള്ള മലയോര മേഖലയാണ് കുറ്റിച്ചൽ. പ്രതികൾ വനമേഖലയിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസ് നിഗമനം. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
ഇന്നലെ വൈകീട്ട് കഴക്കൂട്ടത്ത് ഗുണ്ടാസംഘത്തിന്റെ ബോംബേറിൽ യുവാവിന്റെ കാല് തകർന്നിരുന്നു. തുമ്പ പുതുവൽ പുരയിടത്തിൽ പുതുരാജൻ ക്ലീറ്റസി (34)ന് നേരെയാണ് ബോംബേറുണ്ടായത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് പിടികൂടി. തുമ്പ സ്വദേശി ലിയോൺ ജോൺസൺ (32), കുളത്തൂർ സ്റ്റേഷൻ കടവ് സ്വദേശി അഖിൽ വയസ് (21), വലിയവേളി സ്വദേശി രാഹുൽ ബനടിക്ട് (23) വെട്ടുകാട് ബാലനഗർ സ്വദേശി ജോഷി (23) എന്നിവരെയാണ് പിടികൂടിയത്. ക്ലീറ്റസിനൊപ്പം നിന്ന സുഹൃത്ത് സുനിലിനെ ലക്ഷ്യമിട്ടാണ് ഗുണ്ടകൾ ബോംബെറിഞ്ഞതെന്നാണ് സൂചന.