ഹാദിയയെ കാണാനില്ലെന്ന അച്ഛന്‍റെ ഹേബിയസ് കോര്‍പസ് ഇന്ന് പരിഗണിക്കും

ഏതാനും ആഴ്ചകളായി മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ക്ലിനിക്ക് പൂട്ടിയ നിലയിലുമാണെന്നാണ് ഹരജിയിലുള്ളത്

Update: 2023-12-15 01:27 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: ഡോ.ഹാദിയയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. പരാതിയിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവിയും സംസ്ഥാന പൊലീസ് മേധാവിയും ഇന്ന് റിപ്പോർട്ട് നൽകും.ജസ്റ്റിസ് അനു ശിവരാമൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ മകളെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഏതാനും ആഴ്ചകളായി മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നുമാണ് അശോകന്റെ ആരോപണം. മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നും ഹേബിയസ് കോർപ്പസ് ഹരജിയിൽ പറയുന്നു. തമിഴ്നാട്ടിൽ മെഡിക്കൽ വിദ്യാർഥിനി ആയിരിക്കെ ഇസ്‌ലാം മതം സ്വീകരിക്കുകയും മലപ്പുറം സ്വദേശി ഷെഫിൻ ജഹാനെ വിവാഹം ചെയ്തതിലൂടെയുമാണ് ഹാദിയ വിഷയം നിയമപ്രശ്നത്തിലേക്ക് നീണ്ടത്. പിന്നീട് സുപ്രിംകോടതിയാണ് ഇരുവരുടെയും വിവാഹം ശരിവെച്ചത്.

അതേസമയം, അച്ഛനെ ഇപ്പോഴും സംഘ്പരിവാർ ആയുധമാക്കുകയാണെന്ന് ഹാദിയ മീഡിയവണിനോട് പ്രതികരിച്ചിരുന്നു. ഇപ്പോൾ പുനർവിവാഹിതയായി ഭർത്താവിനൊപ്പം തിരുവനന്തപുരത്താണു കഴിയുന്നതെന്നും അക്കാര്യം അച്ഛനും പൊലീസ് ഉദ്യോഗസ്ഥർക്കുമെല്ലാം അറിയുമെന്നും അവർ പറഞ്ഞു. താനിപ്പോഴും മുസ്ലിമാണെന്നും സുരക്ഷിതയാണെന്നും ഹാദിയ വ്യക്തമാക്കി.

ഇസ്‌ലാംമതം സ്വീകരിച്ചിട്ട് എട്ടുവർഷമായി. തുടക്കം മുതൽ എന്നെ ജീവിക്കാൻ അനുവദിക്കാത്ത തരത്തിൽ അച്ഛന്റെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. അച്ഛനെ ഇപ്പോഴും സംഘ്പരിവാർ തങ്ങളുടെ ആയുധമായി ഉപയോഗിക്കുകയാണ്. അച്ഛൻ അതിനു നിന്നുകൊടുക്കുന്നുവെന്നത് സങ്കടകരമാണ്. അച്ഛനും അമ്മയുമായി ഫോണിലും മറ്റും നിരന്തരം ആശയവിനിമയം നടക്കുന്നുണ്ട്. എന്നിട്ടും അച്ഛൻ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു കേസ് കൊടുക്കുകയാണെന്നും ഹാദിയ മീഡിവണിനോട് വെളിപ്പെടുത്തിയിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News