ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചനക്കേസ്: ഹാക്കര്‍ സായ് ശങ്കര്‍ കീഴടങ്ങി

ആന്ധ്രയിലെ പുട്ടപർത്തിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സായ് ശങ്കർ ഇന്നലെ രാത്രിയാണ് കീഴടങ്ങിയത്

Update: 2022-04-08 07:52 GMT
Advertising

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചനക്കേസിൽ ഹാക്കർ സായ് ശങ്കർ കീഴടങ്ങി. നടന്‍ ദിലീപിന്‍റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് സായ് ശങ്കറാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. ആന്ധ്രയിലെ പുട്ടപർത്തിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സായ് ശങ്കർ ഇന്നലെ രാത്രിയാണ് കീഴടങ്ങിയത്.

'മെമ്മറി കാര്‍ഡിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തി' 

അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് പല ദിവസങ്ങളിലായി ദിലീപ് ഉപയോഗിച്ചതിന് തെളിവ് ലഭിച്ചെന്ന് ക്രൈംബ്രാഞ്ച്. മെമ്മറി കാര്‍ഡിന്‍റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തിയെന്ന് വ്യക്തമായെന്നും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ സ്ഥിരീകരിക്കുന്ന വസ്തുതകൾ ലഭിച്ചെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്. ദിലീപ് അടക്കമുള്ളവർ ഫോണുകളിലെ വിവരങ്ങള്‍ മായ്ച്ച് കളയുന്നതിനായി അയച്ച മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്കില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ദിലീപും സഹോദരീ ഭർത്താവ് സൂരജും ഉപയോഗിച്ചിരുന്ന ഫോണുകളിൽ നിന്ന നിർണായക വിവരങ്ങൾ കണ്ടെത്തിയെന്നും അന്വേഷണസംഘം കോടതിയില്‍ പറഞ്ഞു.

ഹൈക്കോടതിയിൽ സമർപ്പിച്ച ആറ് മൊബൈല്‍ ഫോണുകളില്‍ നിന്ന് ലഭിച്ചത് ആയിരക്കണക്കിന് രേഖകളാണ്. ഫോണിലെ സംഭാഷണങ്ങള്‍ മാത്രം 200 മണിക്കൂറിലേറെ വരും. ആറ് ഫോണുകളില്‍ രണ്ടെണ്ണത്തിന്‍റെ പരിശോധന 90 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. മറ്റ് നാല് ഫോണുകളുടെ പരിശോധന നടത്തേണ്ടതുണ്ട്. ദിലീപിന്റെ വീടിന് സമീപം കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എത്തിയതിനും തെളിവുണ്ടെന്ന് അന്വേഷണസംഘം പറയുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News