ഹജ്ജ്: കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾ അനുവദിക്കണമെന്നാവശ്യം
വിമാനനിരക്ക് കുറച്ചില്ലെങ്കിൽ എംബാർക്കേഷൻ പോയിൻറ് മാറ്റണമെന്നും തീർത്ഥാടകർ
മലപ്പുറം: കരിപ്പൂരിൽ നിന്ന് ഹജ്ജിനായി വലിയ വിമാനങ്ങളുടെ സർവീസ് അനുവദിക്കണമെന്ന ആവശ്യവുമായി തീർത്ഥാടകർ. അമിത വിമാനനിരക്കിൽ ഇടപെടൽ വേണമെന്നാണ് ആവശ്യം. വിമാനനിരക്ക് കുറച്ചില്ലെങ്കിൽഎംബാർക്കേഷൻ പോയിൻറ് മാറ്റണമെന്നും തീർത്ഥാടകർ ആവശ്യപ്പെടുന്നു.
കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ പേർ ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി തെരഞ്ഞെടുത്ത വിമാനത്താവളമാണ് കരിപ്പൂർ. സംസ്ഥാനത്ത് നിന്ന് ഹജ്ജിന് പോകുന്ന തീർഥാടകരിൽ 60 ശതമാനത്തിലധികം പേർ കരിപ്പൂരാണ് എംപാർക്കേഷൻ പോയന്റായി നൽകിയത്.
മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം പണം നൽകി വേണം യാത്ര നടത്താൻ. സാധരണഗതിയിൽ അപേക്ഷ സമയത്ത് നൽകിയ എംപാർക്കേഷൻ പോയിന്റ് മാറ്റിനൽകാറില്ല. ഈ വർഷത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് എംപാർക്കേഷൻ പോയിന്റ് മാറ്റി നൽകണമെന്ന് പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പ് ചെയർമാനും എസ്.വൈ.എസ് നേതാവുമായ അബ്ദു സമദ് പൂക്കോട്ടൂർ ആവശ്യപ്പെട്ടു.
യാത്രക്കാരുടെ എണ്ണവും കൂടി കാണിച്ചാണ് ടെണ്ടർ ക്ഷണിച്ചത്. കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലെ ഹജ്ജ് തീർഥാടകരുടെ ഇരട്ടി യാത്രക്കാർ ഉണ്ടായിട്ടും ടിക്കറ്റ് നിരക്കിൽ ഒരു കുറവും വരുത്താൻ എയർ ഇന്ത്യ തയ്യറായിട്ടില്ല. ഹജ്ജ് യാത്രക്കെങ്കിലും വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ നിന്നും അനുമതി നൽകിയാൽ പ്രശ്നം പരിഹരിക്കും.
നെടുമ്പാശ്ശേരി , കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇരട്ടി ടിക്കറ്റ് നിരക്കാണ് കരിപ്പൂരിൽ നിന്നും ഹജ്ജിന് പോകുന്നവർ നൽകേണ്ടിവരിക. ഈ വർഷത്തെ ഹജ്ജിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വിമാന സർവീസിനായി ടെണ്ടർ ക്ഷണിച്ചിരുന്നു. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ നിയന്ത്രണമുള്ളതിനാൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കരിപ്പൂരിൽ നിന്നും സർവീസ് നടത്താൻ തയ്യാറായത്.
നെടുമ്പാശ്ശേരിയിലും കണ്ണൂരിലും സൗദി എയർ ലൈൻസാണ് സർവീസ് നടത്തുന്നത്. കരിപ്പൂരിൽ നിന്ന് പോകുന്നവർക്ക് വിമാനടിക്കറ്റ് ഇനത്തിൽ മറ്റു വിമാനത്താവളത്തിലേതിനേക്കാൾ 75,000 രൂപ അധികം നൽകേണ്ടി വരും.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഹജ്ജിന് പോയി വരാൻ സൗദി എയർലൈൻസ് 86,000 രൂപയും കണ്ണൂരിൽ നിന്നും 89,000 രൂപയുമാണ് ഈടാക്കുന്നത്. എന്നാൽ കോഴിക്കോട് നിന്നും എയർ ഇന്ത്യ 16,5000 രൂപയാണ് ഈടാക്കുക. ഹാജിമാർക്ക് 53 കിലോ ലഗേജ് കൊണ്ടുപോകാൻ സൗദി എയർലൈൻസ് അനുമതി നൽകുന്നു. എയർ ഇന്ത്യയിൽ 37 കിലോക്ക് മാത്രമാണ് അനുമതി.
Summary : Pilgrims have demanded to allow the service of large aircraft for Hajj from Kozhikode Airport.