ഹജ്ജ്: കേരളത്തിൽ നിന്ന് മൂന്ന് എംബാർക്കേഷൻ പോയിൻറുകൾ പരിഗണനയിൽ
ഹജ്ജ് അപേക്ഷകൾ ഉടൻ സ്വീകരിച്ച് തുടങ്ങും
മലപ്പുറം: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനുള്ള പുറപ്പെടൽ കേന്ദ്രമായി കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങൾ പരിഗണനയിൽ. കൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളാണ് ഹജ്ജ് എംബാർക്കേഷൻ കരട് പട്ടികയിലുള്ളതെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ അറിയിച്ചു. ഹജ്ജിനായി ഓൺലൈൻ അപേക്ഷ ഉടൻ സ്വീകരിച്ച് തുടങ്ങുമെന്നും ഹജ്ജ് കമ്മറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ഹജ്ജിന് കേരളത്തിൽ കൊച്ചി വിമാനത്താവളം മാത്രമായിരുന്നു എംബാർക്കേഷൻ പോയിൻറ്. ഇത്തവണ ഇന്ത്യയിലാകെ എംബാർക്കേഷൻ പോയിൻറുകളുടെ എണ്ണം വർധിക്കുന്നതോടെയാണ് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങൾ ഹജ്ജ് എംബാർക്കേഷൻ പോയിൻറ് കരട് പട്ടികയിൽ ഇടം പിടിച്ചത്. കഴിഞ്ഞ തവണ ഇന്ത്യയിലാകെ 10 വിമാനത്താവളങ്ങളായിരുന്നു ഹജ്ജ് പുറപ്പെടൽ കേന്ദ്രം. ഇത്തവണ 25 ആയി ഉയരുമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ പറഞ്ഞു .
മലബാർ മേഖലയിൽ നിന്നാണ് കേരളത്തിൽ 80 ശതമാനത്തിലേറെ ഹജ്ജ് തീർത്ഥടകരും. ഇത് കൂടി പരിഗണിച്ചാകും ഹജ്ജ് എംബാർക്കേഷൻ പോയിൻറുകളുടെ തീരുമാനം. ഹജ്ജിനായുള്ള അപേക്ഷ ഒരാഴ്ചയ്ക്കുള്ളിൽ സ്വീകരിച്ചു തുടങ്ങും. പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിന് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സേവന കേന്ദ്രങ്ങളും പ്രവർത്തിക്കും.