'ഞങ്ങൾ ശാന്തമായി നാട്ടിൽ കുറച്ചു വിദ്യാഭ്യാസമുണ്ടാക്കട്ടെ, അതിന് എല്ലാവരും സഹകരിക്കണം'; വാഫി വേദിയിൽ ഹകീം ഫൈസി ആദൃശ്ശേരി

ഒരു കുടുംബത്തിൽ പല തർക്കങ്ങളും സ്വാഭാവികമാണ്. എന്നാൽ അടിസ്ഥാനകാര്യങ്ങളെ ബാധിക്കാതെ നോക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും ഹകീം ഫൈസി പറഞ്ഞു.

Update: 2022-10-20 14:22 GMT
Advertising

കോഴിക്കോട്: തങ്ങൾ നാട്ടിൽ ശാന്തമായി വിദ്യാഭ്യാസ പ്രവർത്തനം നടത്തുന്നവരാണെന്നും ആരോടും കലഹത്തിനില്ലെന്നും കോർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ് കോർഡിനേറ്റർ അബ്ദുൽ ഹകീം ഫൈസി ആദൃശേരി. കോഴിക്കോട് വാഫി-വഫിയ്യ കലോത്സവ-സനദ് ദാന സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ അറിവിനായി ഉദയം ചെയ്ത ജൻമങ്ങളാണ്. പഠിക്കാനും പഠിപ്പിക്കാനും ആഗ്രഹിക്കുന്നു. അതിന് സഹായിക്കാൻ തയ്യാറുള്ളവരുമായി യോജിക്കുന്നു. അതല്ലാതെ മറ്റൊരു താൽപര്യവുമില്ല. മുമ്പ് നമ്മൾ ഭൗതിക വിദ്യാഭ്യാസത്തെ മാറ്റിനിർത്തി. ഇപ്പോൾ നമുക്ക് തിരിച്ചറിവുണ്ടായി, നാം രണ്ടും പഠിക്കുന്നു. അടുത്ത വർഷം മുതൽ സിഐസി കോഴ്‌സുകൾ പുതിയ മുഖം സ്വീകരിക്കാൻ പോവുകാണ്. വാഫി സ്‌കൂളുകൾക്ക് തുടക്കമിട്ട് കഴിഞ്ഞു. വാഫി ആർട്‌സും വഫിയ്യ ആർട്‌സും വരാൻ പോവുകയാണ്. നമ്മൾ ശാന്തമായി ഈ നാട്ടിൽ കുറച്ച് വിദ്യാഭ്യാസമുണ്ടാക്കുകയാണ്. അതിന് എല്ലാവരും സഹകരിക്കണം- ഹകീം ഫൈസി പറഞ്ഞു.

സ്ത്രീകൾക്ക് ആകാശത്തിന്റെ വലിയ ചക്രവാളത്തിലേക്ക് പറന്നുയരാൻ കഴിയും. ആര് പറന്നുയരുമ്പോഴും ചിലതൊക്കെയുണ്ടാവും. ബഹിരാകാശത്തേക്ക് പോവുമ്പോൾ ശരീരം കൂടുതൽ മറക്കുകയാണ് ചെയ്യുന്നത്. പണ്ഡിതൻമാരുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ടുള്ള പഠനരീതിയാണ് വാഫി-വഫിയ്യ കോഴ്‌സുകൾക്കുള്ളത്. ഇത് വിദ്യാർഥികൾക്ക് പഠിക്കാൻ വേണ്ടിയുള്ളതാണ്, മതവിധികൾ പുറപ്പെടുവിക്കാനുള്ള സംവിധാനമല്ല. ഒരു കുടുംബത്തിൽ പല തർക്കങ്ങളും സ്വാഭാവികമാണ്. എന്നാൽ അടിസ്ഥാനകാര്യങ്ങളെ ബാധിക്കാതെ നോക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഇമാമുണ്ടാവുക എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാനമാണ്. ദീൻ പ്രചരിപ്പിക്കാൻ എപ്പോഴും ഒരു നേതൃത്വം ആവശ്യമാണ്. അത് പരമാവധി ജനങ്ങൾ ഉൾക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്ന നേതൃത്വമാവണം. കേരളത്തിൽ ജനങ്ങൾ ഏറ്റവും കൂടുതൽ സ്വീകരിക്കുന്ന നേതൃത്വമാണ് പാണക്കാട് നേതൃത്വം. ആർക്കും തർക്കമില്ലാത്ത യാഥാർഥ്യമാണത്. അത് ഇന്നലെയും ഇന്നും അങ്ങനെത്തന്നെയാണ്. നാളെ എന്താകുമെന്ന് അറിയില്ല. നമുക്ക് പണ്ഡിത നേതൃത്വവും വേണം. അത് ശരിയെന്തെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നമ്മുടെ പണ്ഡിത നേതൃത്വമാണ്. ജിഫ്രി തങ്ങളുടെ നേതൃത്വത്തിൽ നബിയുടെ കുടുംബത്തിൽനിന്ന് തന്നെയുള്ള നേതൃത്വമാണ് മതരംഗത്ത് നമുക്കുള്ളത്. ഈ രണ്ട് നേതൃത്വത്തെയും അംഗീകരിച്ചുപോരുന്നതാണ് നമ്മുടെ രീതി. സമസ്ത പോലുള്ള സുന്നത്ത് ജമാഅത്തിന്റെ നേതൃത്വങ്ങൾ വേറെയും കേരളത്തിലുണ്ട്. അവയെ അവഗണിക്കുകയോ കൊച്ചാക്കുകയോ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

സിഐസിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് സമസ്ത നേതാക്കൾക്കും പോഷകസംഘടനാ ഭാരവാഹികൾക്കും നിർദേശം നൽകിയിരുന്നു. ലീഗ് നേതൃത്വത്തിന്റെ പിന്തുണയോടെയാണ് സമ്മേളനം നടക്കുന്നത്. സമസ്ത നേതൃത്വത്തിന്റെ നിർദേശം തള്ളി എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഇന്ന് സമ്മേളത്തിൽ പങ്കെടുത്തു. ഇതിനെതിരെ സമസ്ത പ്രവർത്തകർക്കിടയിൽ വിമർശനമുയരുന്നുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News