ഹലാൽ വിവാദം അനാവശ്യം; ബിജെപിയും സിപിഎമ്മും വർഗീയത ആളിക്കത്തിക്കുന്നു-ചെന്നിത്തല

നരേന്ദ്ര മോദിക്ക് ഇനിയും ഒരുപാട് നിയമങ്ങൾ പിൻവലിക്കേണ്ടിവരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു

Update: 2021-11-22 15:14 GMT
Editor : Shaheer | By : Web Desk
Advertising

ബിജെപിയും സിപിഎമ്മും സംസ്ഥാനത്ത് വർഗീയത ആളിക്കത്തിക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹലാൽ വിവാദം അനാവശ്യമാണെന്നും ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കോൺഗ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

കേരളത്തിൽ ഇപ്പോൽ ഹലാൽ വിവാദം പൊക്കിക്കൊണ്ടിവരേണ്ട എന്ത് ആവശ്യമാണുള്ളത്? യുപിയിൽ ഇത് കുറേ ആളുകൾ പ്രയോഗിച്ചതാണ്. ഇതിന്റെ ഉദ്ദേശ്യം ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുകയും ജനങ്ങളെ തമ്മിലടിപ്പിക്കുകയുമാണ്. അതുവഴി നേട്ടങ്ങളുണ്ടാക്കാൻ ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നു-ചെന്നിത്തല കുറ്റപ്പെടുത്തി.

നമ്മുടെ നാടിന്റെ മതേതരത്വവും മതനിരപേക്ഷതയും തകർക്കാനുള്ള ശ്രമമാണ് ബിജെപിയും സിപിഎമ്മും നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെതിരിലാണ് മതേതരവിശ്വാസികൾ ഒന്നിക്കേണ്ടത്. ഇതൊക്കെ നോൺ ഇഷ്യൂകളാണ്. ഓരോ സമുദായത്തിനും അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളുമുണ്ടാകും. അത് അവർ പുലർത്തട്ടെ. അതിൽ പ്രശ്‌നമുണ്ടാക്കേണ്ട കാര്യമെന്താണ്? വളരെ ആപൽക്കരമായ പ്രവണതകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Full View

നരേന്ദ്ര മോദി ഭരണപരാജയം മറക്കാനും ചെയ്യുന്നത് ഇതുതന്നെയാണ്. ഇത്തവണ കേന്ദ്രത്തിൽ നടന്ന മന്ത്രിസഭാ പുനസ്സംഘടനയുടെ അടിസ്ഥാനപരമായ കാര്യം ജാതിയും മതവും മാത്രമാണ്. ഉത്തർപ്രദേശിലും ഗുജറാത്തിലും ഉത്തരാഖണ്ഡിലും തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി ജാതിയുടെയും ഉപജാതിയുടെയും അടിസ്ഥാനത്തിൽ ആളുകളെ മന്ത്രിമാരാക്കുന്നു. വർഗീയത ആളിക്കത്തിക്കുന്നു. കർഷക നിയമങ്ങൾ പിൻവലിച്ചു. നിയമങ്ങൾ പിൻവലിക്കേണ്ടിവരുമെന്ന് അന്നുതന്നെ രാഹുൽ ഗാന്ധി പറഞ്ഞതാണ്. ഒന്നര വർഷം കഴിഞ്ഞിട്ടാണ് പിൻവലിച്ചത്. മുന്നൂറോളം പാവപ്പെട്ട കർഷകർക്ക് ജീവൻ നഷ്ടമായി. നരേന്ദ്ര മോദിയിൽ കർഷകർക്ക് വിശ്വാസമില്ലാത്തതുകൊണ്ടാണ് അവർ സമരത്തിൽനിന്ന് പിന്മാറാത്തത്. നരേന്ദ്ര മോദിക്ക് ഇനിയും ഒരുപാട് നിയമങ്ങൾ പിൻവലിക്കേണ്ടിവരും-ചെന്നിത്തല കൂട്ടിച്ചേർത്തു.

Summary: Former Opposition Leader Ramesh Chennithala has said that the BJP and the CPM are fueling communalism in the state. The halal controversy is unnecessary and they aim to divide people of Kerala

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News