പാലക്കാട് നഗരത്തിലെ പകുതി കുളങ്ങൾ കാണാനില്ല; ഭൂമാഫിയക്ക് വേണ്ടി നികത്തിയതെന്ന് ആരോപണം
കഴിഞ്ഞ ദിവസം നടന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് ജലസ്രോതസ്സുകൾ ഇല്ലാതാകുന്നതിന്റെ ആശങ്ക കൗൺസിലര്‍മാര്‍ പങ്കുവെച്ചത്
പാലക്കാട്: നഗരത്തിലെ പകുതി കുളങ്ങൾ കാണാനില്ലെന്ന് നഗരാസൂത്രണ വിഭാഗം . 2016 ൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 224 കുളങ്ങളുണ്ടായിരുന്ന സ്ഥാനത്ത് നഗരാസൂത്രണ വിഭാഗത്തിന്റെ നിലവിലെ കണക്ക് അനുസരിച്ച് 111 കുളങ്ങൾ മാത്രമാണുള്ളത്. ഭൂമാഫിയക്ക് വേണ്ടി കുറഞ്ഞ കാലയളവിൽ കുളങ്ങൾ നികത്തിയതാണ് ഇതിന് കാരണമെന്ന് കൗൺസിലർമാർ ചൂണ്ടികാട്ടുന്നു. ഇതോടെ കുളങ്ങൾ നികത്തുന്നത് കർശനമായി തടയാനാണ് നഗരസഭയുടെ തീരുമാനം.
കഴിഞ്ഞ ദിവസം പാലക്കാട് നഗരസഭയിൽ നടന്ന കൗൺസിൽ യോഗത്തിലാണ് നഗരത്തിലെ ജലസ്രോതസ്സുകൾ ഇല്ലാതാകുന്നതിന്റെ ആശങ്ക കൗൺസിൽ അംഗങ്ങൾ പങ്കുവെച്ചത് . 2016 ൽ തയ്യാറാക്കിയ പട്ടികയിൽ 224 കുളങ്ങൾ ഉണ്ടെന്നായിരുന്നു കണക്ക്. പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി നഗരാസൂത്രണവിഭാഗം കണക്കെടുപ്പ് നടത്തിയപ്പോൾ കുളങ്ങളുടെ എണ്ണം 111 ആയി ചുരുങ്ങി. 113 കുളങ്ങൾ ഈ കാലയളവിൽ നികത്തപ്പെട്ടു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ബാക്കി വന്ന കുളങ്ങളിൽ ഭൂരിഭാഗവും നാശത്തിന്റെ വക്കിലാണ്. പല സ്ഥലങ്ങളിലും കുളങ്ങൾ നികത്തി അവിടെ കെട്ടിങ്ങൾ നിർമ്മിച്ചു. ഇതിന് പിന്നിലെ ഭൂമാഫിയയുടെ പങ്ക് വലുതാണെന്ന് വെൽഫെയർ പാർട്ടി അംഗം എം. സുലൈമാൻ ചൂണ്ടിക്കാക്കാട്ടി
പുതിയ പട്ടിക പുറത്ത് വന്നതോടെ കുളങ്ങൾ നികത്തുന്നതിനെതിരെ നഗരസഭ ഒറ്റക്കെട്ടായി നിലപാട് സ്വീകരിച്ചിട്ടുണ്ട്. കുളമായി രേഖപ്പെടുത്തിയ സ്ഥലത്ത് ഇനി കെട്ടിടനിർമാണത്തിന് അനുമതി നൽകില്ല. 111 കുളങ്ങളും നീർത്തടസംരക്ഷണ നിയമപ്രകാരം സംരക്ഷിക്കാനും തീരുമാനമായി.