കൈവെട്ട് കേസ്: ഒന്നാം പ്രതി സവാദിനെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
കൈവെട്ടിന് പിന്നാലെ ഒളിവിൽ പോയ സവാദിനെ ഇന്നലെ രാത്രി കണ്ണൂരിൽനിന്നാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്.
കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അശമന്നൂർ സവാദിനെ ജനുവരി 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. സവാദിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചു.
സവാദിനെ ചോദ്യം ചെയ്ത് കേസിന് പിന്നിലുള്ള ഗൂഢാലോചന കണ്ടെത്തേണ്ടതുണ്ട്. ഇത്രയും നാൾ ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ചത് ആരൊക്കെയെന്ന് കണ്ടെത്തണമെന്നും എൻ.ഐ.എ പറഞ്ഞു.
സവാദിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് മൊബൈൽ ഫോണുകളും ഒരു സിം കാർഡും പിടികൂടി. ഇയാളെ സംബന്ധിച്ച ചില വ്യക്തിവിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. തിരിച്ചറിയൽ പരേഡിന് ശേഷം വൈകാതെ ഇയാളെ കസ്റ്റഡിയിൽ വാങ്ങും. പോപുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വർഷം ഒളിവിൽ കഴിഞ്ഞതെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു.
കൈവെട്ടിന് പിന്നാലെ ഒളിവിൽ പോയ സവാദിനെ ഇന്നലെ രാത്രി കണ്ണൂരിൽനിന്നാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. മരപ്പണിക്കാരനായ കഴിയുകയായിരുന്ന പ്രതിയെ മട്ടന്നൂരിലെ വാടകവീട്ടിൽനിന്നാണ് എൻ.ഐ.എ പിടികൂടിയത്. പോപുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന സവാദ് ഏറണാകുളം ഓടക്കാലി സ്വദേശിയാണ്. സവാദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻ.ഐ.എ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.