ഷാജഹാൻ എന്ന പേരിൽ മരപ്പണി, ഭാര്യക്കും മക്കൾക്കുമൊപ്പം താമസം; സവാദിന്റെ ഒളിവുജീവിതത്തിന് അവസാനം

കൈവെട്ട് കേസിലെ പ്രതിയാണ് സവാദ് എന്ന വിവരം ഭാര്യക്കും അറിവുണ്ടായിരുന്നില്ല.

Update: 2024-01-10 08:25 GMT
Editor : banuisahak | By : Web Desk

സവാദ്, പ്രൊഫ. ടി ജെ ജോസഫ് 

Advertising

കണ്ണൂർ: 13 വർഷം പൊലീസിനെയും എൻഐഎയും വെട്ടിച്ച് സവാദിന്റെ ഒളിവുജീവിതം. അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിച്ചിരിക്കെ സവാദ് ഒളിജീവിതം നയിച്ചത് കേരളത്തിൽ തന്നെ. ഷാജഹാനെന്ന പേരിലായിരുന്നു സവാദ് രണ്ടുവർഷമായി മട്ടന്നൂരിൽ ഒളിവിൽ കഴിഞ്ഞിരുന്നത്.  മട്ടന്നൂരിനടുത്ത ബേരത്ത് വാടക വീട്ടിലായിരുന്നു ഭാര്യക്കും രണ്ടുമക്കൾക്കുമൊപ്പം താമസം.

മരപ്പണിക്കാരനായിരുന്ന സവാദ് കാസർകോട് സ്വദേശിയാണെന്നായിരുന്നു നാട്ടുകാരോട് പറഞ്ഞത്. കഴിഞ്ഞ 13 വർഷമായി രാജ്യത്തെ അന്വേഷണ ഏജൻസികൾ അരിച്ചുപെറുക്കിയിട്ടും കണ്ടെത്താൻ കഴിയാതിരുന്ന കൈവെട്ട് കേസിലെ പ്രതി സവാദ് താമസിച്ചിരുന്നത് കണ്ണൂരിലെ ഒറ്റനില വീട്ടിലാണ്. ഇതിന് മുൻപും മട്ടന്നൂരിലെ വിവിധയിടങ്ങളിൽ ഇയാൾ താമസിച്ചിരുന്നു. 

മരപ്പണിയെടുത്താണ് ജീവിതം നയിച്ചിരുന്നത്. നിലവിൽ തൊട്ടടുത്തുള്ള ഒരു വീട്ടിലായിരുന്നു ജോലി. കുടുംബമായി താമസിക്കുന്ന സവാദിനെതിരെ ഒരു ഘട്ടത്തിൽ പോലും നാട്ടുകാർക്കോ അയൽവാസികൾക്കോ സംശയം തോന്നിയിരുന്നില്ല.

ഇന്നലെ അർധരാത്രി എൻഐഎ സംഘം സവാദിനെ കസ്റ്റഡിയിലെടുത്ത് പോകുമ്പോഴും പ്രമാദമായ കൈവെട്ട് കേസിലെ പ്രതിയാണ് ഇയാൾ എന്ന് നാട്ടുകാർ അറിഞ്ഞില്ല. റിപ്പോർട്ടുകൾ പുറത്തുവരും വരെ ഏതോ മയക്കുമരുന്ന് കേസിൽ അകപ്പെട്ടു എന്നുമാത്രമായിരുന്നു നാട്ടുകാർ കരുതിയിരുന്നത്. എങ്ങനെയാണ് സവാദ് ഇവിടെ എത്തിയത്? ആരാണ് സഹായിച്ചത്? തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഇനി ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

കാസർകോട് സ്വദേശിയായ യുവതിയാണ് സവാദിന്റെ ഭാര്യ. ഇവർക്കും ഇയാൾ കൈവെട്ട് കേസിലെ പ്രതിയാണെന്ന വിവരം അറിവുണ്ടായിരുന്നില്ല. അതേസമയം, സവാദ് എങ്ങനെയാണ് ഇത്രയും കാലം ഇവിടെ ഒളിവിൽ കഴിഞ്ഞതെന്നും ആരാണ് സഹായിച്ചതെന്നുമാണ് എൻഐഎ സംഘം ഇപ്പോൾ അന്വേഷിക്കുന്നത്.  

2010 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫസർ ടി.ജെ.ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ വാനിലെത്തി ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം അധ്യാപകന്റെ വലത് കൈപ്പത്തി മഴുകൊണ്ട് വെട്ടിയെറിഞ്ഞു.

54 പ്രതികളുള്ള കേസിൽ മറ്റുപ്രതികളുടെ വിചാരണ പൂർത്തിയാക്കി. ഒന്നാംഘട്ടത്തിൽ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. സംഭവം നടന്ന അന്നുതന്നെ ഒളിവിൽ പോയ മുഖ്യപ്രതിയായ അശമന്നൂർ നൂലേലി മുടശേരി സവാദിനെ (38) അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. കേരള പൊലീസ് അന്വേഷിച്ചിരുന്ന കേസ് 2011 മാർച്ചിലാണ് എൻഐഎ ഏറ്റെടുത്തത്.

കഴിഞ്ഞ വർഷം മാർച്ചിൽ സവാദിനെ കണ്ടെത്തുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാൾ വിദേശത്തേക്ക് കടന്നെന്ന വിവരത്തെ തുടർന്ന് അന്വേഷണം ശക്തമാക്കിയിരിക്കുകയായിരുന്നു എൻഐഎ.

അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും എൻഐഎ അന്വേഷണം നടത്തിയെങ്കിലും സവാദിനെ കണ്ടെത്താനായില്ല. ഒടുവിൽ ഇന്നലെ വൈകിട്ട് കണ്ണൂർ മട്ടന്നൂരിൽ നിന്നാണ് സവാദ് എൻഐഎയുടെ വലയിലായത്. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News