ഒടുവില്‍ പിടിയില്‍! തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി
ജർമൻ സാംസ്കാരിക കേന്ദ്രത്തിലെ ശുചിമുറിയിൽ നിന്നാണ് കുരങ്ങിനെ പിടികൂടിയത്
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി. ജർമൻ സാംസ്കാരിക കേന്ദ്രത്തിലെ ശുചിമുറിയിൽ നിന്നാണ് കുരങ്ങിനെ പിടികൂടിയത്. ജർമൻ സാംസ്‌കാരിക നിലയത്തിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് മൃഗശാല വകുപ്പ് അധികൃതർ എത്തി വല ഉപയോഗിച്ചാണ് കുരങ്ങിനെ പിടിച്ചത്. കുരങ്ങ് ആരോഗ്യത്തോടെയിരിക്കുന്നെന്നും അധികൃതർ അറിയിച്ചു.
ജൂണ്‍ 13 നാണ് കുരങ്ങ് ചാടിപ്പോയത്. ജൂണ്‍ അഞ്ചിന് തിരുപ്പതിയില്‍ നിന്ന് കൊണ്ടുവന്ന ഹനുമാന്‍ കുരങ്ങ് ജോഡിയിലെ പെണ്‍കുരങ്ങാണ് ചാടിപ്പോയത്. സന്ദര്‍ശകര്‍ക്ക് കാണാനാകുന്ന കൂട്ടിലേക്ക് മാറ്റാനിരിക്കെയാണ് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയത്.
സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. മുമ്പ് രണ്ടുതവണ ഹനുമാന്‍ കുരങ്ങുകള്‍ മൃഗശാലയില്‍ നിന്ന് ചാടിപ്പോയിരുന്നു. മൃഗശാലയ്ക്ക് പുറത്തേക്ക് വളര്‍ന്നു നില്‍ക്കുന്ന മരച്ചില്ലകള്‍ കൃത്യസമയത്ത് വെട്ടിമാറ്റാത്തതാണ് കുരങ്ങുകള്‍ രക്ഷപ്പെടാന്‍ കാരണമായി പറയുന്നത്.