വിവേക് എച്ച് നായർക്കെതിരായ പീഡന പരാതി സിപിഎം സൃഷ്ടി: യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി

വിവേക് എച്ച്.പി നായർക്കെതിരെ നടപടിയെടുത്തത് മദ്യപിച്ച് മോശമായി പെരുമാറിയതിനാണെന്നും വിശദീകരണം

Update: 2022-07-07 13:50 GMT
Editor : afsal137 | By : Web Desk
Advertising

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗായിരുന്ന വിവേക് എച്ച്.പി നായർക്കെതിരെ നടപടിയെടുത്തത് മദ്യപിച്ച് മോശമായി പെരുമാറിയതിനാണെന്ന വിശദീകരണവുമായി യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പുഷ്പലത. പരാതി സിപിഎം സൃഷ്ടിയാണെന്നും അദ്ദേഹത്തിനെതിരെ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും അവർ മീഡിയവണിനോട് പറഞ്ഞു. സംഭവത്തിൽ വിശദീകരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം രംഗത്തെത്തിയതിന് പിന്നാലെയാണ് അവരുടെ പ്രതികരണം.

ചിന്തൻ ശിബിർ ക്യാമ്പിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് പെൺകുട്ടിയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് പെൺകുട്ടിയുടെ പരാതി ലഭിച്ചിട്ടും പൊലീസിന് കൈമാറിയിട്ടില്ല എന്ന രീതിയിൽ വാർത്ത കണ്ടു. അത് തീർത്തും അടിസ്ഥാനരഹിതമാണ്. പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്. ഏതെങ്കിലും പെൺകുട്ടിക്ക് അത്തരമൊരു പരാതി ഉണ്ടെങ്കിൽ കഴിയാവുന്ന എല്ലാ നിയമസഹായവും നൽകും. പൊലീസിനെ സമീപിക്കാൻ പിന്തുണ നൽകുമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.

സ്വന്തമായി പൊലീസും കോടതിയുമില്ലെന്ന് യൂത്ത് കോൺഗ്രസ് വിശദീകരിച്ചു. കുറ്റക്കാരനെങ്കിൽ ആരെയും സംരക്ഷിക്കില്ല. സ്വയം വികസിപ്പിച്ചെടുത്ത തീവ്രത അളക്കുന്ന യന്ത്രം കൊണ്ടുനടക്കുന്ന അന്വേഷണ കമ്മീഷനുകളുളള സിപിഎം, യൂത്ത് കോൺഗ്രസിനെ സ്ത്രീ സംരക്ഷണം പഠിപ്പിക്കേണ്ട. പരാതിയുണ്ടെങ്കിൽ അത് പാർട്ടി കോടതിയിൽ തീർപ്പാക്കില്ലെന്നും യൂത്ത് കോൺഗ്രസ് വിശദീകരിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായിരുന്ന വിവേക് എച്ച് നായർക്കെതിരായ പെൺകുട്ടിയുടെ പരാതിക്കത്താണ് സോഷ്യൽ മീഡിയയിലെത്തിയത്. സ്വകാര്യ ഭാഗത്ത് സ്പർശിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് ആ പരാതിയിൽ പറയുന്നത്. എന്നാൽ യൂത്ത് കോൺഗ്രസ് വിശദീകരിക്കുന്നത് സംഘടനാ മര്യാദക്ക് നിരക്കാത്ത പെരുമാറ്റമുണ്ടായതിനാണ് വിവേകിനെതിരെ നടപടിയെടുത്തത് എന്നാണ്. ക്യാമ്പിൽ വിവേകിന്റെ ഭാഗത്ത് നിന്ന് സംഘടനാ മര്യാദക്ക് നിരക്കാത്ത പെരുമാറ്റവും സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്ക് എതിരെ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതും സംബന്ധിച്ച് അഖിലേന്ത്യാ നേതൃത്വത്തിന് ലഭിച്ച പരാതിയിൽ സംഘടനാപരമായി നടപടി എടുത്തിട്ടുണ്ടെന്നാണ് വിശദീകരണം. പെൺകുട്ടിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് കുറിപ്പിൽ വ്യക്തമാക്കി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News