ഹാരിസ് ബീരാൻ മുസ്‌ലിം ലീഗ് രാജ്യസഭാ സ്ഥാനാർഥി
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: സുപ്രിംകോടതി അഭിഭാഷകനും ഡൽഹി കെ.എം.സി.സി പ്രസിഡന്റുമായ ഹാരിസ് ബീരാൻ മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് തന്നെ നാമനിർദേശപത്രിക സമർപ്പിക്കും.
പാർട്ടി ഏൽപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് ഹാരിസ് ബീരാൻ പറഞ്ഞു. തന്നെ പരിഗണിച്ചതിന് പാർട്ടി നേതൃത്വത്തോട് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം ഭരണഘടന സംരക്ഷിക്കാനായി പോരാടുമെന്ന് വ്യക്തമാക്കി.
രാജ്യസഭയിലേക്ക് നിരവധി നേതാക്കളെ പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ ഹാരിസ് ബീരാന് നറുക്ക് വീഴുകയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു തുടങ്ങിയവർ സീറ്റിനായി രംഗത്തുണ്ടായിരുന്നു. സാദിഖലി ശിഹാബ് തങ്ങളുടെ ഉറച്ച നിലപാടാണ് ഹാരിസ് ബീരാന് തുണയായത്. ഇ.ടി മുഹമ്മദ് ബഷീർ അടക്കമുള്ളവർ ഹാരിസ് ബീരാനെ പിന്തുണച്ചു.