പദവി നൽകിയതിനെ ചൊല്ലി ലീഗ് നേതൃത്വത്തിൽ ഭിന്നത; അവസാനിക്കാതെ ഹരിത വിവാദം
സംഘടനാപരമായി മാത്രമല്ല, ആശയപരമായി കൂടി തങ്ങൾ എതിർത്തുപോന്ന വിമതസംഘത്തെ ഒറ്റയടിക്ക് നേതൃത്വത്തിൽ തിരിച്ചുകൊണ്ടുവന്നതിന്റെ അമ്പരപ്പിലാണ് എം.എസ്.എഫ് നേതൃത്വം
കോഴിക്കോട്: പാർട്ടിയിലെ 'പുരുഷാധിപത്യത്തിനെതിരെ'യുള്ള പോരാട്ടം അവസാനിപ്പിച്ച് ഹരിത നേതാക്കളായ നജ്മ തബ്ഷീറയും ഫാത്തിമ തഹ്ലിയയും മുഫീദ തസ്‌നിയും മുസ്‌ലിം ലീഗിലെ പദവികൾ സ്വീകരിച്ചെങ്കിലും വിവാദം അവസാനിക്കുന്നില്ല. മൂവരും ചേർന്ന് വാർത്താസമ്മേളനം നടത്തി ഉന്നയിച്ച ആരോപണങ്ങളുടെയും പരാതികളുടെയും കാര്യത്തിൽ ലീഗ് നേതൃത്വത്തിൽനിന്ന് എന്ത് അനുകൂല നടപടിയുണ്ടായെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. എന്നാൽ, പാർട്ടിയിൽ തിരിച്ചെത്തി പദവികളിലെത്താനായി മൂവർക്കും വിട്ടുവീഴ്ച ചെയ്യേണ്ടിയും വന്നു.
എം.എസ്.എഫ് നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് നജ്മ തബ്ഷീറയെ അശ്ലീലഭാഷയിൽ അധിക്ഷേപിച്ചെന്ന കേസ് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയിൽ നടക്കുന്നുണ്ട്. ഈ കേസ് പിൻവലിക്കാൻ നിയമപരമായി കോടതിയിൽ സമർപ്പിക്കേണ്ട അപേക്ഷ നജ്മ തബ്ഷീറ ലീഗ് നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. നജ്മ വാദിയും നവാസ് പ്രതിയുമായ ഈ കേസ് ക്വാഷ് ചെയ്യാനുള്ള അപേക്ഷ നജ്മയുടെ സത്യവാങ്മൂലത്തോടൊപ്പം അടുത്ത ദിവസം ഹൈക്കോടതിയിൽ ഫയൽ ചെയ്യുമെന്നാണ് വിവരം.
നജ്മയെയും മുഫീദയെയും യൂത്ത് ലീഗ് അഖിലേന്ത്യാ കമ്മിറ്റിയിലും തഹ്‌ലിയയെ സംസ്ഥാന കമ്മിറ്റിയിലുമാണ് ഭാരവാഹികളാക്കിയത്. ഇവർക്കൊപ്പം നടപടി നേരിട്ട ലത്തീഫ് തുറയൂരിന് എം.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പദവിയും നൽകി. കെ.എം ഫവാസിന് പദവി നൽകുന്ന കാര്യത്തിൽ എതിർപ്പ് വന്നതോടെ സമവായമുണ്ടാക്കാനായി തീരുമാനം മാറ്റിവച്ചു.
പ്രശ്‌നപരിഹാര വ്യവസ്ഥകളിൽ മൗനം
മുസ്‌ലിം ലീഗിലെ 'പുരുഷാധിപത്യത്തിനെതിരെ' നടത്തിയ പോരാട്ടം അവസാനിപ്പിച്ച് സംഘടനാ പദവികൾ സ്വീകരിച്ചതിലെ യുക്തി എന്താണെന്നും പ്രശ്‌ന പരിഹാരത്തിൻറെ വ്യവസ്ഥകൾ എന്താണെന്നും വ്യക്തമാക്കാൻ ഹരിത നേതാക്കൾ ഇനിയും തയ്യാറായിട്ടില്ല. ഫാത്തിമ തഹ്ലിയയും മുഫീദ തസ്‌നിയും നടത്തിയ പ്രതികരണങ്ങളിൽ അവ്യക്തതകളും വൈരുധ്യങ്ങളുമുണ്ട്. ഹരിത വിവാദമുണ്ടായ കാലത്ത് നിരന്തരം മാധ്യമങ്ങളോട് സംസാരിച്ച ഇവർ പക്ഷേ, പുതിയ വിഷയങ്ങളിൽ മാധ്യമങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
'മാപ്പോ അത്തരത്തിലുള്ള സംഭവങ്ങളോ ഇല്ല. ഈ വിഷയം തീർക്കാനായി ഏറ്റവും ബെസ്റ്റ് ബോഡി പാർട്ടി ഘടകമാണെന്ന് ഞാൻ വാർത്താസമ്മേളനത്തിൽ തന്നെ പറഞ്ഞതാണ്'-ഇതാണ് തഹ്‌ലിയയുടെ മറുപടി. മുഫീദ തസ്‌നി കേസിനെ കുറിച്ചുകൂടി പറഞ്ഞു:' പാർട്ടിയുമായി സമവായത്തിലെത്തി. കേസ് കോടതിയിൽ വരുമ്പോൾ സമവായത്തിൻറെ അടിസ്ഥാനത്തിലുള്ള നിലപാട് സ്വീകരിക്കും.'
പാർട്ടിക്ക് മാപ്പപേക്ഷയും കേസ് പിൻവലിക്കാനുള്ള അപേക്ഷയും നൽകിയ ശേഷമാണ് ഹരിത നേതാക്കൾ പാർട്ടിയിൽ തിരിച്ചെത്തിയതെന്ന് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് സമൂഹമാധ്യമത്തിൽ എഴുതിയിട്ടുണ്ട്. സാദിഖലി തങ്ങൾ, പി.എം.എ സലാം തുടങ്ങിയ ലീഗ് നേതാക്കളുടെ സ്ത്രീ വിരുദ്ധത, പി.കെ നവാസിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരായ സംഘടനാ നടപടി തുടങ്ങി മൂവരും കോഴിക്കോട് പ്രസ് ക്ലബിൽ വാർത്താസമ്മേളനം നടത്തി ഉന്നയിച്ച വിഷയങ്ങളൊന്നും ഇപ്പോൾ പരാമർശിക്കപ്പെടുന്നേയില്ല.
ലീഗിനെ പിടിച്ചുകുലുക്കിയ വിവാദം
പി.കെ നവാസിനെതിരെ നൽകിയ പരാതിയിൽ ലീഗ് നേതൃത്വം നടപടിയെടുക്കാൻ തയ്യാറാകാതെ വന്നപ്പോഴാണ് ഹരിത നേതാക്കൾ വാർത്താസമ്മേളനം നടത്തിയത്. സാദിഖലി തങ്ങളുടെ ഏകാധിപത്യമാണ് ലീഗിലെന്ന് നജ്മ തബ്ഷീറ അന്ന് വിമർശനമുന്നയിച്ചു. തങ്ങളെ സ്രാങ്ക് എന്നാണ് സമൂഹമാധ്യമങ്ങളിൽ ഹരിത നേതാക്കൾ അന്ന് വിശേഷിപ്പിച്ചരുന്നത്. പാണക്കാട്ടെ കൊടുവാൾ എന്ന തലക്കെട്ടിൽ ഹരിത നേതാവ് എം ഷിഫ ഫേസ്ബുക്കിൽ ലേഖനമെഴുതി.
ലീഗിന്റെ ചരിത്രത്തിലില്ലാത്ത വിധം പാണക്കാട് കുടുംബവും സാദിഖലി തങ്ങളും ആക്രമിക്കപ്പെട്ടെങ്കിലും കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ മൗനം പാലിച്ചു. പാണക്കാട് തങ്ങൾക്ക് പ്രതിരോധം തീർക്കാൻ പോലും ലീഗ് നേതാക്കൾ ഭയപ്പെട്ട അത്യപൂർവ രാഷ്ട്രീയ-സംഘടനാ സന്ദർഭമായിരുന്നു അത്. അങ്ങനെ പ്രതിരോധം തീർത്താൽ സ്ത്രീവിരുദ്ധത ആരോപിക്കപ്പെടുമോ എന്ന ഭയമായിരുന്നു കാരണം. തങ്ങൾക്ക് ലഭിച്ച വമ്പിച്ച മാധ്യമ പിന്തുണ ഹരിതനേതാക്കൾക്ക് വലിയ ആത്മവിശ്വാസം നൽകുകയും ചെയ്തു.
സമവായമുണ്ടാക്കി പദവി സമ്മാനിച്ചത് കുഞ്ഞാലിക്കുട്ടി
പി.കെ കുഞ്ഞാലിക്കുട്ടിയുടെ അതിശക്തമായ സമ്മർദമാണ് ഹരിത, എം.എസ്.എഫ് നേതാക്കളെ തിരിച്ചെടുക്കുന്നതിനും നേതൃപദവികൾ നൽകുന്നതിനും കാരണമായത്. എ.ആർ നഗർ ബാങ്കിലെ ദുരൂഹ അക്കൗണ്ടുകളെ സംബന്ധിച്ച വിവരാവകാശ അപേക്ഷയുമായി ബന്ധപ്പെട്ട കേസാണ് ഈ സമ്മർദത്തിന് പിറകിലെന്നാണ് സൂചന.
കെ.എം ഫവാസാണ് ഈ അപേക്ഷകൻ. ഫവാസിനെ സെറ്റിൽ ചെയ്യാൻ ലത്തീഫ് തുറയൂർ, നജ്മ തബ്ഷീറ, മുഫീദ തസ്‌നി എന്നിവരെ കൂടി തിരിച്ചെടുക്കുകയായിരുന്നു. ഹരിത പോരാട്ടത്തിൽനിന്ന് ഒരു ഘട്ടത്തിൽ പിന്മാറിയ ഫാത്തിമ തഹ്‌ലിയ പാർട്ടിയുടെ ചെന്നൈ സമ്മേളന കാലത്ത് തന്നെ നേതൃത്വത്തോട് മാപ്പപേക്ഷ നടത്തിയിരുന്നു.
നജ്മ, തഹ്‌ലിയ, മുഫീദ എന്നിവരെ യൂത്ത് ലീഗിന്റെ സംസ്ഥാന ഭാരവാഹിയാക്കണമെന്ന ആവശ്യമാണ് ആദ്യം ഉയർന്നത്.
മുനവ്വറലി തങ്ങളുടെ അതിശക്തമായ എതിർപ്പിനെ തുടർന്ന് അത് നടന്നില്ല. അതുകൊണ്ടാണ് നജ്മയെയും മുഫീദയെയും അഖിലേന്ത്യാ യൂത്ത് ലീഗ് ഭാരവാഹികളാക്കിയത്. ഫാത്തിമ തഹ്‌ലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയാക്കാനുള്ള തീരുമാനമുണ്ടായത് പി.കെ ഫിറോസിന്റെ നിലപാട് മൂലമാണെന്നാണ് സൂചന.
കെ.എം ഫവാസിനെ സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറിയാക്കണമെന്ന ആവശ്യവും ഉയർന്നു. ഇക്കാര്യത്തിൽ ഫിറോസ് മൗനം പാലിച്ചു. എന്നാൽ, യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികൾ അതിശക്തമായ എതിർപ്പുയർത്തി. ഇതോടെ തീരുമാനം തത്കാലത്തേക്ക് മാറ്റിവെക്കാൻ കുഞ്ഞാലിക്കുട്ടി നിർബന്ധിതനായി.
തീരുമാനം കാരാത്തോട്ടുനിന്ന്; പാണക്കാട്ടുനിന്ന് നടപ്പാക്കൽ മാത്രം
ഹരിത, എം.എസ്.എഫ് നേതാക്കളുടെ പദവി സംബന്ധിച്ച തീരുമാനങ്ങളും ചർച്ചകളുമെല്ലാം പി.കെ കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറം കാരാത്തോട്ടെ വീട് കേന്ദ്രീകരിച്ചാണ് നടന്നത്. വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം സാദിഖലി തങ്ങളിൽ സമ്മർദം ചെലുത്തി കുഞ്ഞാലിക്കുട്ടി നേടിയെടുക്കുകയായിരുന്നു. പി.കെ നവാസിൻറെ നിലപാട് പ്രശ്‌ന പരിഹാരത്തിന് നിർണായകമായിരുന്നു. പൊന്നാനി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചുമതല നൽകി നവാസിനെ കുഞ്ഞാലിക്കുട്ടി മയപ്പെടുത്തി.
എന്നാൽ, ഹരിത വിവാദത്തിൽ മുറിവേറ്റ പി.എം.എ സലാം അടക്കമുള്ള നേതാക്കൾ ചർച്ചകളോ തീരുമാനങ്ങളോ ഒന്നുമറിഞ്ഞില്ല. മുതിർന്ന നേതാക്കളെ ഇരുട്ടത്ത് നിർത്തി നടത്തിയ ചർച്ചകളെ ചൊല്ലി എം.കെ മുനീർ, കെ.എം ഷാജി, ഇ.ടി മുഹമ്മദ് ബഷീർ, കെ.പി.എ മജീദ്, പി.വി അബ്ദുൽ വഹാബ് തുടങ്ങിയ നേതാക്കൾ അമർഷത്തിലാണ്. ഈ നേതാക്കളുടെ വിയോജിപ്പ് ഇനി ചേരുന്ന ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉന്നയിക്കാനാണ് ധാരണ.
ഹരിത വിവാദത്തിൽ നജ്മ അടക്കമുള്ളവരോടൊപ്പമാണ് എം.കെ മുനീർ നിലപാടെടുത്തത്. എന്നാൽ, ഇപ്പോൾ അവർക്ക് പദവി നൽകിയ തീരുമാനത്തിൽ മുനീറിന് വിയോജിപ്പാണ്.
വനിതാ ലീഗിൽ പുകച്ചിൽ
വനിതാ ലീഗ് നേതാക്കളെ അടുക്കള ലീഗെന്ന് പോലും ഹരിത നേതാക്കൾ ആക്ഷേപിച്ചിട്ടുണ്ട്. ഇതിലുള്ള ശക്തമായ അമർഷം വനിതാ ലീഗ് നേതാക്കൾക്കുണ്ട്.
പുറത്താക്കപ്പെട്ട ഹരിത നേതാക്കളെ വനിതാ ലീഗിന്റെ മണ്ഡലം-ജില്ലാ കമ്മിറ്റികളിൽ കൊണ്ടുവരണമെന്ന് ഒരു വിഭാഗം വനിതാ ലീഗ് നേതാക്കൾക്ക് അഭിപ്രായമുണ്ടായിരുന്നു. ഇതു സംബന്ധിച്ച ചർച്ചകൾ പാർട്ടി ഘടകത്തിൽ നടത്താതെ കുഞ്ഞാലിക്കുട്ടി തീരുമാനമെടുക്കുന്നതിലുള്ള അതൃപ്തിയും വനിതാ ലീഗിനുണ്ട്.
ആ അമർഷമാണ് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് ഫേസ്ബുക്കിൽ എഴുതിയത്. ലിബറലിസമാണ് ഹരിത നേതാക്കളെ നയിക്കുന്നതെന്നും ഇനിയെങ്കിലും അതൊക്കെ മാറ്റിവെക്കണമെന്നും നൂർബിന തുറന്നെഴുതി.
എം.എസ്.എഫ് നേതൃത്വത്തിലെ ആശയക്കുഴപ്പം
ഹരിത വിസ്‌ഫോടനത്തിൽ ഏറ്റവും പരിക്കേറ്റയാൾ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ആയിരുന്നു. വില്ലൻ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ട നവാസ്, നിയമനടപടിക്ക് മാത്രമല്ല നിരന്തരമായ മാധ്യമവിചാരണക്കും വിധേയനായി. എന്നാൽ, അത്തരം പ്രതിസന്ധികള സംഘടനാപരമായി മറികടക്കാൻ നവാസിന്റെ നേതൃത്വത്തിൽ എം.എസ്.എഫിന് സാധിച്ചു.
മലബാറിലും പുറത്തും യൂനിവേഴ്‌സിറ്റി യുനിയൻ തെരഞ്ഞെടുപ്പുകളിൽ എം.എസ്.എഫ് മികച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്. ഈ വിവാദ കാലത്ത് തന്നെയാണ് 'വേര്' എന്ന പേരിൽ കോഴിക്കോട്ട് വിപുലമായ സമ്മേളനം എം.എസ്.എഫ് സംഘടിപ്പിക്കുന്നത്. പുറത്ത് നടക്കുന്ന വിവാദങ്ങൾ സംഘടനയെ ബാധിച്ചിട്ടില്ലെന്നും സംഘടനാഘടന ഭദ്രമായി തന്റെ കയ്യിലുണ്ടെന്നും നവാസ് ഇതിലൂടെ സ്ഥാപിക്കുകയായിരുന്നു.
കാംപസിൽ എസ്.എഫ്.ഐ നേതൃത്വത്തിൽ ലിബറലിസവും ലൈംഗിക അരാജകത്വവും പടർത്തുകയാണെന്ന കാംപയിനും ഈ കാലയളവിൽ എം.എസ്.എഫ് വ്യാപകമായി നടത്തി. എസ്.എഫ്.ഐയുടെ ലിബറൽ ആശയങ്ങൾക്കെതിരായ വിജയമാണ് കോളജ് യൂനിയൻ തെരഞ്ഞെടുപുകളിലെ വിജയമെന്ന് അവർ അവകാശപ്പെട്ടു. ഇതിലെല്ലാമുപരി, എസ്.എഫ്.ഐയുടെ ലിബറൽ ആശയങ്ങൾ കടമെടുത്തവരാണ് സംഘടനയിൽ ഹരിതയുടെ പേരിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതെന്ന് സ്ഥാപിക്കുക കൂടി ചെയ്യുകയായിരുന്നു നവാസും സംഘവും.
സംഘടനാപരമായി മാത്രമല്ല, ആശയപരമായി കൂടി തങ്ങൾ എതിർത്തുപോന്ന വിമതസംഘത്തെ ഒറ്റയടിക്ക് നേതൃത്വത്തിൽ തിരിച്ചുകൊണ്ടുവരുന്നതിൽ അതിനാൽ എം.എസ്.എഫ് നേതൃത്വത്തിന് അമ്പരപ്പുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കുഞ്ഞാലിക്കുട്ടി സ്വീകരിക്കുന്ന അസാധാരണമായ കടുംപിടിത്തം അവരെ നിസ്സഹായരാക്കുകയും ചെയ്യുന്നു. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപരമായ താൽപര്യങ്ങൾക്ക് വേണ്ടി തങ്ങളുടെ അഭിമാനവും സംഘടനയുടെ അഭിമാനവും മാറ്റിവെക്കേണ്ടി വരുന്നുവെന്ന വിമർശനമുള്ളവരാണ് എം.എസ്.എഫിന്റെ നേതൃത്വത്തിലുള്ളത്. അതേസമയം, ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന പ്രതീക്ഷയും അവർക്കില്ല.
Summary: The Haritha controversy in Muslim League continues over giving party positions to the former leaders