കവർച്ചക്ക് ശേഷം കാർ കണ്ടെയ്നറിൽ കയറ്റി; തൃശൂരിൽ എടിഎമ്മിൽനിന്ന് പണം കവർന്നത് ഹരിയാന സംഘം
പ്രതികൾ എങ്ങനെ കേരളത്തിലെത്തിയെന്നത് അന്വേഷിക്കുകയാണെന്ന് പൊലീസ്
തൃശൂർ: തൃശൂരിൽ വെള്ളിയാഴ്ച പുലർച്ചയുണ്ടായ കവർച്ചക്ക് പിന്നിൽ ഹരിയാനയിലെ സംഘമെന്ന് സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ. ഹരിയാനയിലെ മേവാത്ത് ജില്ലയിലെ സംഘങ്ങളുടെ രീതിയാണ് ഗ്യാസ് കട്ടർ ഉപയോഗിച്ചുള്ള കവർച്ച.
സംഭവശേഷം കുറച്ചുദൂരം ചെന്ന് കഴിഞ്ഞാൽ കാർ കണ്ടെയ്നറിൽ കയറ്റിപ്പോകുന്നതാണ് ഇവരുടെ രീതി. അതുകൊണ്ട് തന്നെ അത്തരം വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. വാഹനം പാലക്കാട് അതിർത്തി കടന്ന് തമിഴ്നാട്ടിലേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.
പന്നിയങ്കര ടോൾ പ്ലാസയിലൂടെ കണ്ടെയ്നർ കടന്നുപോയിട്ടുണ്ട്. എന്നാൽ, കാർ കടന്നുപോയതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കണ്ടെയ്നറിന്റെ കൃത്യമായ സഞ്ചാര പാത ലഭിച്ചിട്ടുണ്ട്. കാറിന് നമ്പറില്ലെന്നും സിറ്റി പൊലീസ് കമീഷണർ പറഞ്ഞു. അതിർത്തി കടന്നാണോ കാർ കണ്ടെയ്നറിൽ കയറ്റിയതെന്ന കാര്യങ്ങൾ തുടർ പരിശോധനയിലേ വ്യക്തമാകൂ.
പ്രതികൾ എങ്ങനെ കേരളത്തിലെത്തി, മോഷണത്തിന്റെ രീതി എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങൾ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ വ്യക്തമാകൂ. പ്രതികൾ നിലവിൽ തമിഴ്നാട് പൊലീസിൻ്റെ പിടിയിലാണ്. അവിടെയുള്ള നടപടി പൂർത്തിയാക്കി പിന്നീട് കസ്റ്റഡിയിൽ വാങ്ങും.
തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ് കവർച്ച സംഘത്തെ പിടികൂടിയത്. ഹരിയാന സ്വദേശികളായ ഇർഫാൻ, സൊഖീൻ ഖാൻ , മുഹമ്മദ് കുക്രം, ഷബീർ, മുബാരിക്ക് എന്നിവരടക്കം ഏഴ് പ്രതികളാണ് കേസിലുള്ളത്. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷം രൂപയാണ് സംഘം കവർന്നത്. തമിഴ്നാട് പൊലീസും കവർച്ച സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ട്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് സംഘം കവർച്ച നടത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കും നാല് മണിക്കുമിടയിലായിരുന്നു സംഭവം.
നാമക്കലിൽ രണ്ടു മൂന്നു ബൈക്കുകളെ ഇടിച്ചിട്ടു വണ്ടി നിർത്താതെ പോയ വാഹനത്തെ പിന്നീട് നാട്ടുകാരാണ് തടഞ്ഞുനിർത്തിയത്. ഇതിന് പിന്നാലെ തമിഴ്നാട് പൊലീസ് സംഭവസ്ഥലത്തെത്തി. ലോറിക്കകത്ത് ഉണ്ടായിരുന്നവർ പൊലീസിനും നാട്ടുകാർക്കും നേരെ വെടിയുതിർത്തു. തിരിച്ചുള്ള ആക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്. പൊലീസുദ്യോഗസ്ഥർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.