മലപ്പുറത്ത് ദേശീയപാതക്കടിയിൽ ഗുഹ; ഹമാസ് മോഡൽ തുരങ്കമെന്ന് വിദ്വേഷപ്രചാരണം
കൂറ്റൻ തുരങ്കത്തെ കുറിച്ച് ഇതിന് മുമ്പ് കേട്ടിട്ടുള്ളത് ഗസ്സയിൽ നിന്നാണെന്നും റോഡിന്റെ ഒരു വശത്ത് നിന്ന് മറുവശത്തേക്കുള്ള 'തുരങ്കം' ആശങ്ക ഉയർത്തുന്നതാണെന്നും വീഡിയോ
മലപ്പുറം: മലപ്പുറത്ത് ദേശീയപാതാ പ്രവൃത്തിക്കിടെ ഗുഹ കണ്ടെത്തിയ സംഭവത്തിന് വർഗീയ നിറം നൽകി വിദ്വേഷപ്രചാരണം. തേഞ്ഞിപ്പാലത്ത് കാലിക്കറ്റ് സർവകലാശാല ക്യാമ്പസിനടുത്തായി ചെട്ട്യാർമാടിൽ മണ്ണെടുക്കവേ റോഡിന്റെ രണ്ട് വശങ്ങളിലായി ഗുഹ കണ്ടെത്തിയതിനെ തുടർന്നാണ് ഒരു യൂട്യൂബ് ചാനൽ വിഷയം വഴിതിരിച്ചുവിടാൻ ശ്രമിച്ചത്. ഹമാസ് മോഡൽ തുരങ്കമാണ് മലപ്പുറത്ത് കണ്ടതെന്നും ഇത് മനുഷ്യനിർമിതമാണെന്നുമായിരുന്നു അവർ വാർത്തയെന്ന വ്യാജേന അവതരിപ്പിച്ചത്. നേരത്തെ ദേശീയ പാത നിർമിച്ചപ്പോൾ ഈ 'തുരങ്ക'മുണ്ടായിരുന്നില്ലെന്നും സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും വീഡിയോയിൽ ആരോപിച്ചു.
കൂറ്റൻ തുരങ്കത്തെ കുറിച്ച് ഇതിന് മുമ്പ് കേട്ടിട്ടുള്ളത് ഗസ്സയിൽ നിന്നാണെന്നും റോഡിന്റെ ഒരു വശത്ത് നിന്ന് മറുവശത്തേക്കുള്ള 'തുരങ്കം' ആശങ്ക ഉയർത്തുന്നതാണെന്നും വീഡിയോയിൽ പറഞ്ഞു.
ദേശീയ പാതയിലുള്ള മേൽപ്പാലത്തിന് സമീപത്തായാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. ഗുഹ കണ്ടെത്തിയതോടെ സ്ഥലത്തെ മണ്ണെ് നീക്കം താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. ഗുഹ സംബന്ധിച്ച് അതിവേഗം തീരുമാനമെടുത്ത് പ്രവൃത്തി പുനഃരാരംഭിച്ചേക്കും. ചരിത്രകാരന്മാരും കാലിക്കറ്റ് സർവകലാശാലയിലെ ചരിത്ര വിദ്യാർഥികളും സ്ഥലം സന്ദർശിച്ചു.