ഹിജാബ് വിലക്ക്, ഷാരൂഖ് ഖാനെതിരായ വിദ്വേഷ പ്രചാരണം; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
"ഇതൊരു സംഘടിതമായ നീക്കത്തിന്‍റെ ഭാഗമാണ്, അതിന്‍റെ ഭാഗമായി വലിയ ആപത്താണ് ഉയര്‍ത്തി കൊണ്ടുവരാന്‍ നോക്കുന്നത്"
ഷാരൂഖ് ഖാനെതിരായ വിദ്വേഷ പ്രചാരണത്തിലും കര്‍ണാടകയിലെ സ്കൂളുകളിലെ ഹിജാബ് വിലക്കിലും നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഷാരൂഖ് ഖാന്‍ രഹസ്യമായല്ല പരസ്യമായാണ് ലതാ മങ്കേഷ്ക്കറിന്‍റെ മൃതശരീരം കാണാന്‍ പോയതെന്നും അതിനെ എങ്ങനെ വര്‍ഗീയമായി ചിത്രീകരിക്കാമെന്നാണ് വര്‍ഗീയത പ്രചരിപ്പിക്കാനുള്ള മാനസികാവസ്ഥയിലുള്ളവര്‍ നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതൊരു സംഘടിതമായ നീക്കത്തിന്‍റെ ഭാഗമാണെന്നും അതിന്‍റെ ഭാഗമായി വലിയ ആപത്താണ് ഉയര്‍ത്തി കൊണ്ടുവരാന്‍ നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ സ്കൂളുകളിലെ ഹിജാബ് വിലക്കിനെയും മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചു. ചെറിയ കുട്ടികളുടെ മനസ്സില്‍ വര്‍ഗീയ വിഷം കുത്തി കയറ്റിയാല്‍ അതുണ്ടാക്കുന്ന ആപത്ത് എത്ര വലുതായിരിക്കുമെന്ന് ചോദിച്ച മുഖ്യമന്ത്രി ഇത്തരം വര്‍ഗീയ ശക്തികളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചയുമില്ലാത്ത സമീപനം സ്വീകരിച്ച് പോകാന്‍ സാധിക്കണമെന്നും പറഞ്ഞു. ജാഗ്രതയോടെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള ശ്രമം തുടരേണ്ടതുണ്ടെന്നാണ് ഈ സംഭവങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
ഇത് നാം അതീവ ഗൗരവമായി കാണേണ്ട കാര്യമാണ്. നമ്മുടെ രാജ്യത്ത് വര്‍ഗീയത ഏതെല്ലാം തരത്തിലുള്ള ആപത്ത് സൃഷ്ടിക്കാന്‍ പോകുന്നെന്നുള്ള ദൃഷ്ടാന്തങ്ങളാണിത്. ഷാരൂഖ് ഖാന്‍ രഹസ്യമായല്ല ലതാ മങ്കേഷ്ക്കറിന്‍റെ മൃതശരീരം കാണാന്‍ പോയത്. പരസ്യമാണ്, അത് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. സ്വാഭാവികമായും വളരെ ആദരവോടെയാണ് അദ്ദേഹം നിലപാടുകള്‍ എടുത്തത്. പക്ഷേ അതിനെ എങ്ങനെ വര്‍ഗീയമായി ചിത്രീകരിക്കാമെന്നാണ് വര്‍ഗീയത പ്രചരിപ്പിക്കാനുള്ള മാനസികാവസ്ഥയിലുള്ളവര്‍ നോക്കുന്നത്. ഇതൊരു സംഘടിതമായ നീക്കത്തിന്‍റെ ഭാഗമാണ്. അതിന്‍റെ ഭാഗമായി വലിയ ആപത്താണ് ഉയര്‍ത്തി കൊണ്ടുവരാന്‍ നോക്കുന്നത്.
നമ്മളെല്ലാവരും വിദ്യാര്‍ഥി ജീവിതം പിന്നിട്ടവരാണല്ലോ. ആ ഒരു കാലം ഏതെങ്കിലും തരത്തിലുള്ള ഭിന്നതയുടെ കാലമല്ലല്ലോ. ഒരേ ക്ലാസ് മുറിയില്‍ എല്ലാ വിഭാഗവുമില്ലേ? ഏറ്റവും വലിയ മതനിരപേക്ഷതയുടെ വിളനിലമായല്ലേ നമ്മുടെ വിദ്യാലയങ്ങള്‍ മാറേണ്ടത്. അതിനെയല്ലേ ഇപ്പോള്‍ അങ്ങേയറ്റത്തെ വര്‍ഗീയതയുടെ വിഷം ചീറ്റുന്ന മാനസികാവസ്ഥയിലുള്ള കുട്ടികളാക്കി മാറ്റാന്‍ ശ്രമം നടത്തിയിട്ടുള്ളത്. ചെറിയ കുട്ടികളുടെ മനസ്സില്‍ വര്‍ഗീയ വിഷം കുത്തി കയറ്റിയാല്‍ അതുണ്ടാക്കുന്ന ആപത്ത് എത്ര വലുതായിരിക്കും. പക്ഷേ നാം കാണേണ്ടത് അത്തരം ആപത്തൊന്നും വര്‍ഗീയ ശക്തികള്‍ക്ക് പ്രശ്നമല്ല. അവര്‍ക്ക് അതാണ് വേണ്ടത്. അതിലൂടെ എത്ര കണ്ട് ഭിന്നത് സൃഷ്ടിക്കാനാവും, അതിനാണ് അവരുടെ ശ്രമം. ഇവിടെയാണ് മതനിരപേക്ഷ ശക്തികളാകെ ജാഗ്രത പാലിക്കേണ്ടത്. ഈ വര്‍ഗീയ ശക്തികളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചയുമില്ലാത്ത സമീപനം സ്വീകരിച്ച് പോകാനും കഴിയണം. കൂടുതല്‍ ജാഗ്രതയോടെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള ശ്രമം തുടരേണ്ടതുണ്ടെന്ന് ഇതെല്ലാം നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്.