''ഉച്ചവരെ അവൻ ഒച്ചവച്ചിരുന്നു; അവൻ സുഖമായി വരും, പ്രാർത്ഥനയുണ്ട്''
തിങ്കളാഴ്ച മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് ബാബു മലമ്പുഴ എലിച്ചിരം കുറുമ്പാച്ചി മല കയറിയത്
എത്രയും വേഗം മകനെ രക്ഷപ്പെടുത്തണമെന്ന് പാലക്കാട് മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ ആർ. ബാബുവിന്റെ മാതാവ്. അവൻ ചെയ്തത് തെറ്റാണെന്ന ബോധ്യമുണ്ട്. എന്നാലും രക്ഷപ്പെടുമെന്ന പ്രാർത്ഥനയുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
അവൻ ഇരിക്കുന്നത് ഒരു കുട്ടി എനിക്ക് കാണിച്ചുതന്നു. ഉച്ചവരെ ഒച്ചവെക്കുന്നുണ്ടായിരുന്നു. ഇപ്പൊ അതിനു പറ്റുന്നില്ല, വെള്ളം വേണമെന്നാണ് അവൻ പറഞ്ഞത്. എന്റെ മകനാണെങ്കിലും മറ്റുള്ളവരുടെ മക്കളാണെങ്കിലും ആരും കയറാൻ പാടില്ല. അവൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് നന്നായി ബോധ്യമുണ്ട്. പക്ഷെ, എന്തിനാണ് അവൻ അവിടെ കയറാൻ പോയതെന്ന് അറിയില്ല. അവൻ സുഖമായി വരും, രക്ഷപ്പെടുമെന്ന പ്രാർത്ഥന എനിക്കുണ്ട്. നിങ്ങളെല്ലാവരും എന്റെ കൂടെയുണ്ടെന്ന വിശ്വാസവും എനിക്കുണ്ട്-ബാബുവിന്റെ മാതാവ് പറഞ്ഞു.
ബാബുവും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് തിങ്കളാഴ്ച മല കയറിയത്. ഇതിനിടെ ബാബു കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സഹൃത്തുക്കൾ ബാബുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതോടെ സുഹൃത്തുക്കൾ മലയിറങ്ങി പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.
വീഴ്ചയിൽ ബാബുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. കൈയിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ അയച്ചുകൊടുത്തു. നിലവിൽ ഫോൺ ഓഫായ നിലയിലാണ്. രക്ഷാപ്രവർത്തകർക്ക് യുവാവ് കുപ്പായം വീശിക്കാണിക്കുകയും ചെയ്തിരുന്നു.
രക്ഷാപ്രവർത്തനത്തിനായി കര-വ്യോമസേനകളെത്തുന്നുണ്ട്. തമിഴ്നാട് വെല്ലിങ്ടണിൽനിന്ന് 11 അംഗസംഘമാണ് പാലക്കാട്ടേക്ക് തിരിച്ചിരിക്കുന്നത്. ഇത് കൂടാതെ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഹെലികോപ്റ്ററും എത്തും. നാവികസേനാ ഉദ്യോഗസ്ഥരും നാളെ തെരച്ചിലിനായെത്തും. ബെംഗളൂരുവിൽനിന്ന് പാരാകമാൻഡോകൾ പുറപ്പെടും. ഇവരെ വ്യോമമാർഗം സുലൂരിൽ എത്തിക്കും. അവിടെനിന്ന് റോഡ് മാർഗമാണ് സൈനികർ മലമ്പുഴയിലെ സംഭവസ്ഥലത്തെത്തുക.
Summary: ''He kept shouting until noon; He will comeback, I am praying", Says Babu's mother